OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Sunday, September 30, 2018

1993-94 ബാച്ച്


1993-94 എസ് എസ് എല്‍ സി ബാച്ചിന്റെ വിപുലമായ പൂര്‍വ്വ വിദ്യാര്‍ിത്ഥി സംഗമത്തെക്കുറിച്ച് ആലോചിക്കുന്നതിന് സഹപഠിതാക്കളുടെ യോഗം ഇന്ന് (30-09-2018) പെരളത്ത് ഷിബുവിന്റെ വീട്ടില്‍ ചേര്‍ന്നു. ഇരുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. 2019 എപ്രിലില്‍ ബാച്ചിലെ എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ കൂടിച്ചേരല്‍ നടത്താന്‍ തീരുമാനിച്ചു. തങ്ങള്‍ കളിച്ചും പഠിച്ചും വളര്‍ന്ന വിദ്യാലയം സന്ദര്‍ശിക്കുവാനും അവര്‍ മറന്നില്ല.






ആയന്നൂര്‍ യുവശക്തിയുടെ അനുമോദനം


ആയന്നൂര്‍ യുവശക്തി പബ്ലിക് ലൈബ്രറി നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ ആയന്നൂര്‍ യേംസ് ഹാളില്‍ വച്ച് നടത്തിയ പരപ്പ ബ്ലോക്ക് തല അയല്‍പക്ക യുവ പാര്‍ലമെന്റില്‍ വച്ച് പ്രളയമേഖലകളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിനെ ഉപഹാരം നല്‍കി അനുമോദിച്ചു. കാസറഗോഡ് ശുചിത്വമിഷന്റെ അസിസ്റ്റന്റ് ഡവലപ്പമെന്റ് കമ്മീഷണര്‍ ശ്രീ സി രാധാകൃഷ്ണനില്‍ നിന്ന് കമ്പല്ലൂര്‍ സ്കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ്‍കുമാര്‍ പി ടി, സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.




Saturday, September 29, 2018

സ്കൂള്‍ കലോല്‍സവം പരിപാടികള്‍


രണ്ടു ദിവസമായി നടന്ന കമ്പല്ലൂര്‍ സ്കൂള്‍ കലോല്‍സവം സമാപിച്ചു. പരിപാടിയുടെ നടത്തിപ്പ് മികച്ചതാക്കുവാന്‍ സഹകരിച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ രണ്ട് ഹൗസുകളായാണ് മല്‍സരങ്ങള്‍ നടന്നത്. പരിശീലനത്തിന് വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് ലഭിച്ചത്. എങ്കിലും മല്‍സരബുദ്ധിയോടെ വളരെ മനോഹരമായി പരിപാടികള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ അവ മികച്ച നിലവാരം പുലര്‍ത്തി എന്നു സമ്മതിക്കേണ്ടിവരും. അത് സബ്‌ജില്ലാ കലോല്‍സവത്തിനുള്ള ഒരുക്കങ്ങളേക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. കുട്ടികളെ തയ്യാറാക്കാന്‍ അക്ഷീണം യത്നിച്ച ഹൗസ് ചുമതലയുള്ള അധ്യാപകരെ അഭിനന്ദിക്കാതെ തരമില്ല. ഈ ഉല്‍സാഹം തുടര്‍ന്നും നിലനിര്‍ത്താനായാല്‍ നമുക്ക് ചരിത്രം മാറ്റിയെഴുതാനാകും. പഠനമെന്നത് ക്ലാസ്‍മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടതല്ല എന്നതാണ് സത്യം.

അതിനിടയിലും കുറേ കുട്ടികള്‍ പരിപാടികളില്‍ പങ്കെടുക്കാനോ അതു കാണാനോ പോലും തയ്യാറായില്ല എന്നതും രക്ഷിതാക്കളുടെ സാന്നിധ്യം നന്നേ കുറവായിരുന്നു എന്നതും പറയാതെ തരമില്ല. കുട്ടികളുടെ പരിപാടികളെ കാണാനും പ്രോല്‍സാഹിപ്പിക്കുവാനും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയെന്നപോലെ രക്ഷിതാക്കളുടേയും കുട്ടികളുടേയും പങ്കാളിത്തം ഉയരുമ്പോഴേ മികവുകളിലേക്കുള്ള പുതുവഴികള്‍ കണ്ടെത്തുവാന്‍ വിദ്യാലയത്തിനു കഴിയൂ.





















Thursday, September 27, 2018

സാന്ത്വനസ്പര്‍ശം വാര്‍ത്ത



സ്കൂള്‍ കലോല്‍സവം പോസ്റ്റര്‍


പ്രീ പ്രൈമറി സി പി ടി എ സെപ്തംബര്‍


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ ക്ലാസ് പി ടി എ ഇന്നലെ (26-09-2018) നടന്നു. ഓണപ്പരീക്ഷയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. സ്കൂള്‍ കലോല്‍സവത്തില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ചര്‍ച്ച ചെയ്തു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍, ബൈജു കെ പി, അജിത പി വി എന്നിവര്‍ സംസാരിച്ചു. ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു എന്ന് യോഗം വിലയിരുത്തി.


Wednesday, September 26, 2018

കലോല്‍സവം കവര്‍


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കലോല്‍സവം സെപ്തംബര്‍ 28, 29 (വെള്ളി, ശനി) തീയ്യതികളിലായി നടക്കും. കുട്ടികള്‍ പരിപാടികളുടെ ഒരുക്കങ്ങളിലാണ്. എല്ലാവരേയും കലോല്‍സവദിനങ്ങളില്‍ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കലോല്‍സവപരിപാടികളുടെ നടത്തിപ്പിന് ആവശ്യമായ കവറുകള്‍ നിര്‍മ്മിച്ചുകൊണ്ട് 9 ബിയിലെ കുട്ടികള്‍ മാതൃകയായി.





Tuesday, September 25, 2018

കെ പി ആര്‍@ 20


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശ്രീ കെ പി രമേശന്‍ മാസ്റ്ററെ സ്റ്റാഫ് യോഗം അനുമോദിച്ചു. ഇനിയും കമ്പല്ലൂര്‍ സ്കൂളിനെ വളര്‍ച്ചയുടെ പാതയിലൂടെ മുന്‍പോട്ടു നയിക്കുവാന്‍ അദ്ദേഹത്തിനു കഴിയട്ടെ.


Monday, September 24, 2018

എന്‍ട്രന്‍സ് ഓറിയന്റേഷന്‍


വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷകളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി നടത്തിവരുന്ന ക്ലാസ്സ് കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലും സംഘടിപ്പിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനല്‍ ടെക്നോളജിയിലെ ജാവേദ് കുട്ടികളോട് സംസാരിച്ചുു. രണ്ടു സെഷനുകളിലായി പ്ലസ് വണ്‍, പ്ലസ് റ്റു കുട്ടികള്‍ക്ക് സഹായകമാകുന്ന വിധം പരിപാടി നടത്തി.




എന്‍ എസ്സ് എസ്സ് ദിനാചരണം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്സ് എസ്സ് യൂണിറ്റ് സെപ്തംബര്‍ 24ന് എന്‍ എസ്സ്എസ്സ് ദിനം സമുചിതമായി ആചരിച്ചു. മാത്തില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാളും മുന്‍ എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസറുമായ ശ്രീ സി കെ രാധാകൃഷ്ണന്‍ കുട്ടികള്‍ക്ക് എന്‍ എസ്സ് ദിന സന്ദേശം നല്‍കി. പ്രോഗ്രാം ഓഫീസര്‍ പ്രവീണ്‍കുമാര്‍ പി ടി അധ്യക്ഷത വഹിച്ചു. വളണ്ടിയര്‍മാരായ അലീന മൈക്കിള്‍ സ്വാഗതവും ശ്യാം സലാഷ് നന്ദിയും പറഞ്ഞു.



പ്രീ പ്രൈമറി സ്പോര്‍ട്സ്


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ കായികമേള സെപ്തംബര്‍ 24ന് തിങ്കളാഴ്ച നടന്നു. 50 മീറ്റര്‍ ഓട്ടം, ക്രിക്കറ്റ് ബാള്‍ ത്രോ, മ്ഠായി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, തവളച്ചാട്ടം തുടങ്ങിയ ഇനങ്ങളിലായി എല്ലാ കുട്ടികളും പങ്കെടുത്തു. അജിത വി പി, ഷീജ കെ പി, രേഖ മൈക്കിള്‍, ഊര്‍മ്മിള സി എം, ടാര്‍ലി കെ എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.