OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Thursday, June 21, 2018

അന്തര്‍ദ്ദേശീയ യോഗദിനാചരണം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അന്തര്‍ദ്ദേശീയ യോഗദിനാചരണം യോഗപരിശീലനം ചെയ്തുകൊണ്ട് നടത്തി. NSS, JRC, SCOUT & GUIDES വളണ്ടിയര്‍മാര്‍ക്ക് പരിശഈലനം നല്കി. പി. കെ സതീശന്‍ മാസ്റ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Tuesday, June 19, 2018

വായനാ പക്ഷാചരണം ഉദ്ഘാടനം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വായന പക്ഷാചരണം പ്രശസ്ത സാഹിത്യകാരന്‍ ദാമോദരന്‍ കുളപ്പറം നിര്‍വ്വഹിച്ചു. HS, HSS വിഭാഗങ്ങള്‍ക്കായി രണ്ടു സെഷനുകളിലായി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.Monday, June 18, 2018

+1 രണ്ടാം അലോട്ടമെന്റ്

Hsslive Broadcast No: 91*
പ്ലസ് വൺ *രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*.
http://bit.ly/check-plus-one-second-allot-result ലിങ്കിൽ അലോട്ട്മെന്റ് പരിശോധിക്കാം. ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും ഇപ്പോൾ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം.ലിങ്കിൽ പ്രവേശിച്ച് അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി,ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.
*ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?*
ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.

*ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?*
രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ് /സ്കൂൾ ഓപ്ഷനിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ നൽകണം.
*ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല.ഇനി എന്ത് ചെയ്യണം?*
രണ്ടാം അലോട്ട്മെന്റോടുകൂടി മുഖ്യ അലോട്ട്മെന്റ് പ്രക്രീയ അവസാനിക്കുന്നതിനാൽ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും ഫീസടച്ച്സ്ഥിര പ്രവേശനം നേടണം.
സ്ഥിര പ്രവേശനം എന്നുവരെ നേടാം?
ജൂൺ 20 വൈകിട്ട് 5 നകം ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
*മുഖ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ സ്‌കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?*
മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക് ,ഇഷ്ടപെട്ട സ്‌കൂളും വിഷയവും ലഭിച്ചില്ലെങ്കിൽ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ജൂൺ 22 മുതൽ അപേക്ഷിക്കാം. അപേക്ഷാ വിവരങ്ങൾ ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്ക് സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല.(കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യന്നതാണ്).
*ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?*
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ ജൂൺ 28 ന് അപ്ഡേറ്റ് ചെയ്യും.
*പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് എന്നാണ് ?*
ജൂൺ 21 വ്യാഴം.

വായന പക്ഷാചരണ പരിപാടികള്‍


ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍‍ കമ്പല്ലൂര്‍
 
വായനപക്ഷാചരണ പരിപാടികള്‍

ജൂണ്‍ 19 – ജൂലൈ 7

 1. വായന പക്ഷാചരണം ഉദ്ഘാടനം
  19-06-2018 2pm (HSവിഭാഗം)ശ്രീ ദാമോദരന്‍ കുളപ്പുറം പ്രശസ്ത സാഹിത്യകാരന്‍, പ്രസാധകന്‍
     3pm (HSS വിഭാഗം) ശ്രീ ദാമോദരന്‍ കുളപ്പുറം പ്രശസ്ത സാഹിത്യകാരന്‍, പ്രസാധകന്‍

 2. വായനക്കുറിപ്പു രചന മല്‍സരം, പതിപ്പ് നിര്‍മ്മാണം, പുസ്തകം തയ്യാറാക്കല്‍
  എല്ലാ കുട്ടികളും ക്ലാസ് തലത്തില്‍ വായനക്കുറിപ്പുകള്‍ തയ്യാറാക്കുന്നു. ഒരു ക്ലാസില്‍ നിന്നും മികച്ച അഞ്ചു രചനകള്‍ തെരഞ്ഞെടുക്കുന്നു. LP, UP, HS, HSS തലങ്ങളില്‍ ഇവയില്‍ നിന്നും മികച്ച മൂന്നു രചനകള്‍ക്ക് സമ്മാനം നല്‍കുന്നു. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 25
  ഓരോ ക്ലാസിലും വായനക്കുറിപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് പതിപ്പുകള്‍ ആവശ്യമായ ചിത്രങ്ങളോടെ തയ്യാറാക്കുന്നു. ജൂലൈ 2
ഓരോ ക്ലാസിലേയും മികച്ച അഞ്ചു രചനകള്‍ വീതം DTP ചെയ്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. എല്ലാ പ്രസിദ്ധീകരണങ്ങളുടേയും പ്രകാശനം ജൂലൈ 7ന് വായന പക്ഷാചരണസമാപനത്തിന്റെ ഭാഗമായി നിര്‍വ്വഹിക്കുന്നു.


 1. സ്കൂള്‍ അസംബ്ലിയില്‍ വായനപക്ഷാചരണപ്രവര്‍ത്തനങ്ങളുടെ തുടക്കം
  ജൂണ്‍ 19ന് വായനദിനത്തില്‍ രാവിലെ അസംബ്ലിയില്‍ വായനദിനസന്ദേശം നല്കുകയും മഹാത്മജിയുടെ സത്യാന്വേഷണ പരീക്ഷണകഥയിലെ ഒരു ഭാഗം വായിക്കുകയും ചെയ്യും.

 2. ക്ലാസുകളില്‍ പുസ്തകപരിചയം
  വായനപക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളും പതിവിലും 15 മിനിട്ടു നേരത്തേ ആരംഭിക്കുകയും ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്യും. തുടക്കത്തില്‍ അദ്ധ്യാപകരും തുടര്‍ന്ന് കുട്ടികളും പുസ്തക പരിചയത്തിന് നേതൃത്വം നല്കും. പരിടയപ്പെടുത്തുന്ന പുസ്തകങ്ങളെ ചാര്‍ട്ടില്‍ രേഖപ്പെടുത്തും. വിലയിരുത്തലിനു ശേഷം പരിപാടി വര്‍ഷം മുഴുവന്‍ തുടരും.

 3. അമ്മവായന
  സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് കുട്ടികളുടെ അമ്മമാര്‍ക്ക് വായിക്കുവാന്‍ പുസ്തകങ്ങള്‍ നല്‍കുകയും അവര്‍ തയ്യാറാക്കുന്ന വായനക്കുറിപ്പുകളില്‍ മികച്ചവയ്ക്ക് സമ്മാനം നല്‍കുകയും ചെയ്യും.

 4. സാഹിത്യ പ്രശ്നോത്തരി
  LP, UP, HS, HSS വിഭാഗങ്ങളിലായി സാഹിത്യ പ്രശ്നോത്തരി ജൂണ്‍ 29ന്
  ചോദ്യങ്ങള്‍ ചുമതല LP, UP: EKC; HS,HSS:PP,LKR

 5. പുസ്തകസമാഹരണം
  സ്കൂള്‍ ലൈബ്രറിയിലേക്ക് വായനപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകസമാഹരണം നടത്തുന്നതാണ്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ സമാഹരിക്കുന്ന ക്ലാസിന് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

 6. ലൈബ്രറി മെച്ചപ്പെടുത്തല്‍
  HS, HSS വിഭാഗം ലൈബ്രറികള്‍ മാതൃസമിതിയുടെ സഹായത്തോടെ മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി ഡാമേജായ പുസ്തകങ്ങള്‍ ബൈന്റു ചെയ്യുക, പുസ്തകങ്ങള്‍ ക്രമീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യും.
 1. ലൈബ്രറി സന്ദര്‍ശനം
  കുട്ടികള്‍ ക്ലാസ് തലത്തില്‍ സമീപത്തുള്ള വായനശാലകള്‍ സന്ദര്‍ശിച്ച് വായനശാലകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കും. ജൂണ്‍ 22, 29 തീയ്യതികളില്‍


Tuesday, June 5, 2018

ലോക പരിസ്ഥിതി ദിനം വൃക്ഷത്തൈ വിതരണം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണം ഹരിതോല്‍സവമായി ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വൃക്ഷത്തൈകളും ലഘുലേഖകളും വിതരണം ചെയ്തു.

ലോക പരിസ്ഥിതി ദിനാചരണം ക്ലാസ്


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണം ഹരിതോല്‍സവമായി ആചരിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്ലാസില്‍ ശ്രീ അജേഷ് മാസ്റ്റര്‍ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ക്ലാസെടുത്തു.
ലോക പരിസ്ഥിതി ദിനാചരണം പോസ്റ്റര്‍ പ്രദര്‍ശനം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണം ഹരിതോല്‍സവമായി ആചരിച്ചു.
പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മല്‍സരവും പോസ്റ്റര്‍ പ്രദര്‍ശനവും ശ്രദ്ധേയമായി.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നടല്‍


ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കമ്പല്ലൂര്‍ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി വൃക്ഷത്തൈകള്‍ നടുന്ന പ്രവൃത്തികള്‍ക്ക് വിശിഷ്ടാതിഥി പ്രൊഫ. എം ഗോപാലന്‍, പ്രിനസിപ്പാള്‍ കെ ഡി മാത്യു, ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. NSS, JRC, സ്കൗട്സ് & ഗൈഡ്സ് , ഭൂമിത്രസേന ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ചു. മുന്‍വര്‍ഷം ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി വിജയകരമായിരുന്നെന്നും നട്ടുപിടിപ്പിച്ച 55 വൃക്ഷങ്ങളില്‍ 52 എണ്ണവും നിലനില്‍ക്കുന്നതായും യോഗം വിലയിരുത്തി.


ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണം ഹരിതോല്‍സവമായി ആചരിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം എളേരിത്തട്ട് ഗവ. കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനുമായ ശ്രീ എം ഗോപാലന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ ഡി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.അലീന മൈക്കിള്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ പ്രവീണ്‍കുമാര്‍ പി ടി നന്ദിയും പറഞ്ഞു.


ലോക പരിസ്ഥിതി ദിനാചരണം


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍

ഉദ്ഘാടനം രാവിലെ 10.30ന് പ്രൊഫ. എം ഗോപാലന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍)


ഉച്ചയ്ക്ക് 2.30ന് ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്ക് പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ക്ലാസ് ശ്രീ അജേഷ് കെ

ഉച്ചയ്ക്ക് 2.30ന് എല്‍ പി വിഭാഗം കുട്ടികള്‍ക്ക് പരിസ്ഥിതിദിന സന്ദേശം ശ്രീ ഷൈജു തോമസ്

NSS, SCOUT & GUIDS, JRC, ഭൂമിത്രസേന എന്നിവയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈനടലും ട്രീ ഗാര്‍ഡ് സ്ഥാപിക്കലും രാവിലെ 10 മണിക്ക്

NSS, SCOUT & GUIDS, JRC, ഭൂമിത്രസേന എന്നിവയുടെ നേതൃത്വത്തില്‍ ക്യാമ്പസിലെയും പരിസരത്തിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കാനും സംസ്കരിക്കുവാനുമുള്ള പദ്ധതിയുടെ തുടക്കം. വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കല്‍ വൈകിട്ട് 3.30ന്

കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം വൈകിട്ട് 3 മണിക്ക്

പരിസരദിന പോസ്റ്റര്‍ രചനാ മല്‍സരവും പോസ്റ്റര്‍ പ്രദര്‍ശനവും

ഉപന്യാസരചനയും അവ ഉള്‍പ്പെടുത്തി യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ പതിപ്പുകള്‍ നിര്‍മ്മാണവും.
മികച്ച രചനകള്‍ DTP ചെയ്ത് പുസ്തകനിര്‍മ്മാണം

ജൂണ്‍ 6 ബുധനാഴ്ച

ഹൈസ്കൂള്‍, യു പി വിഭാഗങ്ങളില്‍ പരിസ്ഥിതി മുഖ്യ പ്രമേയമായ ക്വിസ് മല്‍സരം

പോസ്റ്റര്‍ രചന, ഉപന്യാസ രചന, ക്വിസ് മല്‍സരം എന്നിവയ്ക്ക് UP, HS, HSS വിഭാഗങ്ങളില്‍ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. വിജയോല്‍സവത്തിന്റെ ഭാഗമായി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.