OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Monday, October 15, 2018

സാന്ത്വനസ്പര്‍ശം അവലോകനയോഗം 15-10-18


13-10-18ന് നടന്ന പാലിയേറ്റീവ് ഭവനസന്ദര്‍ശന പരിപാടിയുടെ അവലോകന യോഗം നടന്നു. അഫ്‌സാന ടി കെ, അഭിജിത്ത് സെബാസ്റ്റ്യന്‍, അനന്യ കെ, അമ‍ൃത ബി എന്നിവര്‍ യഥാക്രമം എന്‍ എസ് എസ്, സ്കൗട്സ്, ജെ ആര്‍ സി, ഗൈഡ്സ് എന്നിവരെ പ്രതിനിധീകരിച്ചു സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ ഡി മാത്യു, ഹെഡ്‍മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍, കെ പി അച്യുതന്‍, പ്രവീണ്‍കുമാര്‍ പി ടി, ലതാഭായി കെ ആര്‍, കെ പി ബൈജു എന്നിവര്‍ സംസാരിച്ചു.

എല്ലാ രണ്ടാം ശനിയാഴ്ചകളിലും പാലിയേറ്റീവ് പ്രവര്‍ത്തനം തുടരാനും സമീപ പ്രദേശങ്ങളിലെ കുടുതല്‍ പേരെ ഉള്‍പ്പെടുത്തുവാനും അവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ സാധിക്കുംവിധം കുട്ടികളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കുവാനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ സബ്കമ്മറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു.









Sunday, October 14, 2018

പി ടി എ യോഗതീരുമാനങ്ങള്‍ 12-10-2018


പി ടി എ കമ്മറ്റി യോഗതീരുമാനങ്ങള്‍ 12-10-2018
പി ടി എ കമ്മറ്റി അംഗങ്ങളായ കെ എസ് ശ്രീനിവാസന്‍, ജോര്‍ജ്ജ് കരിമഠം, കെ വി രവി, ദിനേശന്‍ സി വി, ബിജു എം, ഷീബ ജോര്‍ജ്ജ്, ശോഭന ബാബു എന്നിവര്‍ പങ്കെടുത്തു. സജിത വിനോദ് അവധി അറിയിച്ചു.
അധ്യാപക പ്രതിനിധികളായ കെ പി ബൈജു, കെ മുസ്തഫ, കെ പി അച്യുതന്‍, പി ജെ ജോസഫ്, റഷീദ വി വി എന്നിവര്‍ പങ്കെടുത്തു. കെ പി രമേശന്‍, കെ എന്‍ മനോജ്കുമാര്‍ എന്നിവര്‍ അവധി അറിയിച്ചു.

പ്രിന്‍സിപ്പാള്‍ കെ ഡി മാത്യു, ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ പി മാത്യു എന്നിവരും പങ്കെടുത്തു.

പ്രിന്‍സിപ്പാള്‍ കെ ഡി മാത്യു സ്വാഗതം പറഞ്ഞു. ഹെഡ്‌മാസ്റ്ററും പ്രിന്‍സിപ്പാളും വിദ്യാലയത്തില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പരീക്ഷ, ക്ലാസ് പി ടി എ യോഗങ്ങള്‍, പ്രത്യേക ക്ലാസുകള്‍, പിന്നാക്കക്കാര്‍ക്കു വേണ്ടി നടത്തുന്ന വിവിധ പരിപാടികള്‍, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ലൈബ്രറി വികസനം, വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സാന്ത്വനസ്പര്‍ശം പരിപാടി മുതലായവ ചര്‍ച്ച ചെയ്തു.

യോഗതീരുമാനങ്ങള്‍

സമ്മാനകൂപ്പണ്‍
പി ടി എ ജനറല്‍ ബോഡി നിര്‍ദ്ദേശിച്ചതു പ്രകാരം സാമ്പത്തിക സമാഹരണത്തിന് സമ്മാനകൂപ്പണ്‍ പദ്ധതി നടത്തുവാന്‍ തീരുമാനിച്ചു. ഒരു കൂപ്പണിന് 50രൂപ. സമ്മാനങ്ങള്‍ കണ്ടെത്തല്‍ ഒക്ടോബറില്‍ നടത്തി നവംബര്‍ 1നു മുന്‍പ് പ്രിന്റു ചെയ്യണം.

അധ്യാപകരുടേയും രക്ഷിതാക്കളുടേയും മാതൃസമിതിയുടേയും കുട്ടികളുടേയും കൂട്ടായ്മയില്‍ സ്ക്വാഡ് വര്‍ക്ക് നടത്തണം. നവംബര്‍ 10, 11, 17, 18 തീയ്യതികളിലായി സ്ക്വാഡ് വര്‍ക്ക് നടക്കണം.

ചുമതല കെ മുസ്തഫ, ജോര്‍ജ്ജ് കുട്ടി കരിമഠം, കെ വി രവി, കെ പി അച്യുതന്‍
കണ്‍വീനര്‍ കെ മുസ്തഫ

ശുചിത്വ പരിപാടി

വിദ്യാലയ ശുചിത്വപാലനത്തിനും സാമൂഹികമായ ബോധവല്‍ക്കരണത്തിനുമായി പ്രത്യേക പരിപാടി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. പ്രാദേശികമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി ശേഖരിക്കുന്നതിന് പ്രാദേശിക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കണം.
കേന്ദ്രങ്ങള്‍ ചുമതല
കമ്പല്ലൂര്‍ ദിനേശന്‍ സി വി
അമ്പേച്ചാല്‍ ബിജു എം
കമ്പല്ലൂര്‍ ഷീബ ജോര്‍ജ്ജ്, സജിത വിനോദ്
കൊല്ലാട കെ വി രവി
ബഡൂര്‍ ശ്രീനിവാസന്‍ കെ എസ്
കാട്ടിപ്പൊയില്‍ ശോഭന ബാബു
ചെറകുറുപ്പ ദിനേശന്‍ സി വി

ശുചത്വവുമായി ബന്ധപ്പെട്ട് ലഘുലേഖ തയ്യാറാക്കണം.

നബാര്‍ഡ് ഫണ്ട് കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട് സ്ട്രക്ചറല്‍ ഡിസൈനിംഗ് വേഗത്തിലാക്കാന്‍ ശ്രദ്ധിക്കണം. ചുമതല പ്രസിഡന്റ്

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മാതൃസമിതി യോഗം വിളിച്ചു ചേര്‍ക്കണം.

Saturday, October 13, 2018

സാന്ത്വനസ്പര്‍ശം 13-10


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനമായ സാന്ത്വനസ്പര്‍ശം പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ മാസത്തിലെ ഭവനസന്ദര്‍ശന പരിപാടി ഇന്ന് (13-10-18) നടന്നു. സ്കൗട്സ്, ഗൈ‍ഡ്സ്, ജെ ആര്‍ സി, എന്‍ എസ് എസ് എന്നീ കൂട്ടായ്മകളില്‍ നിന്ന് നാലു വീതം വളണ്ടിയര്‍മാരും ആശാ വര്‍ക്കര്‍മാരും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. നാലു ടീമുകളായി 25 വീടുകള്‍ സന്ദര്‍ശിച്ചു. അധ്യാപകരുടേയും പി ടി എ കമ്മറ്റി അംഗങ്ങളുടേയും കുട്ടികളുടേയും കൂട്ടായ്മയില്‍ സംഘടിപ്പിച്ച പുതപ്പുകളും സന്ദര്‍ശനത്തിന്റെ ഭാഗമായി വിതരണം ചെയ്തു. സ്കൗട്ടുകളായ അഭിജിത്ത് സെബാസ്റ്റ്യന്‍, സച്ചിന്‍ കെ സജീവ്, ആഷിന്‍ ഫ്രാന്‍സിസ് രാജ്, ജേക്കബ്ബ് റോയി, ഗൈ‍ഡുകളായ ദില്‍ന ടി കെ, അതുല്യ എസ് നായര്‍, നന്ദന കെ പി, അമൃത ബി, ജെ ആര്‍ സി കേഡറ്റുകളായ അനന്യ കെ, ആര്യ കെ പി, ദിവ്യ വി വി, ശ്രുതിരാജ് വി എ, എന്‍ എസ് എസ് വളണ്ടിയര്‍മാരായ അനഘ കെ വി, ഫാത്തിമത്ത് സുഹാന, അഫ്‌സാന ടി, തീര്‍ത്ഥന എന്നിവരും ആശാ വര്‍ക്കര്‍മാരായ ഗീത, ജിത, ഓമന എന്നിവരും പ്രിന്‍സിപ്പാള്‍ മാത്യു കെ ഡി അധ്യാപകരായ അഗസ്റ്റ്യന്‍ ജോസഫ്, അച്യുതന്‍ കെ പി, പ്രവീണ്‍കുമാര്‍ പി ടി, ഡെന്നിസ് കുര്യന്‍, ലതാഭായി കെ ആര്‍, കെ പി ബൈജു എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഭവനസന്ദര്‍ശന പരിപാടിക്കു മുന്നോടിയായി നടന്ന വളണ്ടിയര്‍മാരുടെ കൂടിച്ചേരലില്‍ അഗസ്റ്റ്യന്‍ മാസ്റ്റര്‍ പാലിയേറ്റീവ് ദിന സന്ദേശം നല്‍കി.

എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് സാന്ത്വനസ്പര്‍ശം പരിപാടി നടക്കുന്നത്. നിരവധി ആള്‍ക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിയുംവിധം സുമനസ്സുകളുടെ ഉദാരമായ സംഭാവനകള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അനുവാദം വാങ്ങാത്തതിനാല്‍ സന്ദര്‍ശന പരിപാടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല.
































Wednesday, October 10, 2018

സ്പോര്ട്സ് ഉപജില്ല രണ്ടാം ദിനം


ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചു നടന്ന ചിറ്റാരിക്കല്‍ ഉപജില്ലാ കായികമേള സമാപിച്ചു. രണ്ടാം ദിവസം ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആദിത്യന്‍ എ എസ് ഫോട്ടോ ഫിനിഷില്‍ രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ആന്‍മരിയയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ആല്‍ബിന്‍ തോമസ് സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനം നേടി.ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ ഡെന്നി സ്കറിയയ്ക്ക് നാലാം സ്ഥാനവും ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പ്രവീണ പി പി നാലാം സ്ഥാനവും നേടി.

കായികമല്‍സരങ്ങളുടെ പരിശീലനത്തില്‍ നമ്മുടെ വിദ്യാലയത്തിന് ഒന്നും ചെയ്യാനാകാത്ത ദയനീയമായ സാഹചര്യം കഴിവുള്ള പല കുട്ടികളുടെയും സാധ്യതകളെ തട്ടിയുടയ്ക്കുന്നുവെന്ന് കാണേണ്ടവര്‍ കാണാത്തത് ദുഃഖകരമാണ്. പരിശീലനസൗകര്യങ്ങളൊരുക്കുന്നതില്‍ പി ടി എയ്ക്കും ഒന്നും ചെയ്യാന കഴിയുന്നില്ല. പരാജയങ്ങള്‍ ഒന്നിന്റേയും അവസാനമല്ല. യാതൊരു പരിശീലനവും ലഭിക്കാതെ ഇത്രയും കുട്ടികളെങ്കിലും തിളങ്ങുന്ന നേട്ടങ്ങള്‍ കൈവരിച്ചത് അഭിമാനകരം തന്നെ. ജില്ലാ തലത്തിലേക്ക് പോകുമ്പോഴെങ്കിലും കുടുതല്‍ പരിശീലനത്തിന് അവര്‍ക്ക് അവസരം നല്‍കുവാന്‍ കഴിയട്ടെ എന്ന ആഗ്രഹം മാത്രം ബാക്കി.

Tuesday, October 9, 2018

ഉപജില്ലാ സ്പോര്‍ട്സ് ആദ്യദിനം


ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചു നടക്കുന്ന ചിറ്റാരിക്കല്‍ ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ ആദ്യ ദിവസം കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കുളിന് തിളക്കമാര്‍ന്ന നേട്ടങ്ങള്‍. സബ്‍‌ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 8ാം ക്ലാസിലെ അലന്‍ കുര്യാക്കോസ് മാത്യു ലോങ്ജംമ്പില്‍ ഒന്നാം സ്ഥാനം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11ാം ക്ലാസിലെ ആദിത്യന്‍ എ എസ് നൂറു മീറ്റര്‍ ഒാട്ടത്തില്‍ ഒന്നാം സ്ഥാനവും ഡെല്ലോ സാബു 1500 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടി. 11ാം ക്ലാസിലെ ശ്രീഹരി ശശി 400 മീറ്ററില്‍ ഫൈനലിലേക്ക് യോഗ്യത നേടി. കൂടാതെ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടേയും ജൂനിയര്‍ ആണ്‍കുട്ടികളുടേയും 4 * 100 മീറ്റര്‍ റിലെ ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടി.

Monday, October 8, 2018

സാന്ത്വനസ്പര്‍ശം ഒക്ടോബര്‍ 2018


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാന്ത്വനസ്പര്‍ശം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്നതാണ്. വിദ്യാലയത്തിനു സമീപമുള്ള പ്രദേശങ്ങളിലെ നാല്‍പ്പതോളം വീടുകളിലാണ് ഈ പരിപാടിയുടെ ഭാഗമായി സന്ദര്‍ശനം നടക്കുന്നത്. കിടപ്പു രോഗികള്‍ക്ക് സാന്ത്വനമായി മാറാന്‍ ഈ സന്ദര്‍ശനങ്ങളിലൂടെ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു. വിദ്യാലയത്തിലെ NSS, Scout&Guides, JRC വളണ്ടിയര്‍മാരാണ് പരിപാടിയില്‍ ഭാഗഭാക്കുകളാകുന്നത്. അതോടൊപ്പം പാലിയേറ്റീവ് പ്രവര്‍ത്തകരും പങ്കാളികളാകുന്നു.

ഒക്ടോബര്‍ 13നാണ് ഇനി വരുന്ന ഗൃഹസന്ദര്‍ശനദിവസം. അന്ന് 5 സ്ക്വാഡുകളായി പോകുവാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു പുതപ്പു നല്‍കണമെന്ന് ആഗ്രഹിക്കുന്നു. കുട്ടികള്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. എങ്കിലും സുമനസ്സുകളായ മനുഷ്യസ്നേഹികളുടെ കൂടി സഹായവും സഹകരണവും ഉണ്ടെങ്കിലേ നാല്‍പ്പതോളം പുതപ്പുകള്‍ സംഘടിപ്പിക്കുവാനാകൂ. ആയതിനാല്‍ കഴിയുന്നവര്‍ ഒക്ടോബര്‍ 10നു മുന്‍പായി പുതപ്പുകള്‍‍ വിദ്യാലയത്തില്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സഹകരണം ഈ പ്രവര്‍ത്തനത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.

Sunday, October 7, 2018

വനസംരക്ഷണയജ്ഞം ലഘുനാടകം


ഒക്ടോബര്‍ 2ന് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന ആക്കച്ചേരി വനസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അവതരിപ്പിച്ച ലഘുനാടകം. വളരെ പെട്ടെന്ന് തയ്യാറാക്കിയത്. റിഹേഴ്സലില്ലാതെ....



ഫാന്‍ ഫിറ്റിംഗ്


കമ്പല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി, 3, 4 ക്ലാസുകളില്‍ ഫാനുകള്‍ ഫിറ്റു ചെയ്യുന്ന പണി ഇന്നു നടന്നു. പ്രീ പ്രൈമറിയില്‍ പഠിക്കുന്ന ശ്രേയയുടെ രക്ഷിതാവും ഇലക്ട്രീഷ്യനുമായ സന്തോഷിന്റെ നേതൃത്വത്തിലാണ് പണി നടന്നത്. അതതു ക്ലാസുകളിലെ ക്ലാസ് ടീച്ചര്‍മാരായ അ‍ജിത വി പി, ജോസ് ജേക്കബ്, ഊര്‍മ്മിള സി എം എന്നീ അധ്യാപകരും ചില രക്ഷിതാക്കളും കൂടിച്ചേര്‍ന്നാണ് ഫാനുകള്‍ക്കുള്ള തുക കണ്ടെത്തിയത്. മഴ കഴിഞ്ഞ് ചൂടു കൂടുന്ന സാഹചര്യത്തില്‍ എല്ലാ ക്ലാസുകളിലും കൂടുതല്‍ ഫാനുകള്‍ സ്ഥാപിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. പ്രൈമറി, യു പി, ഹൈസ്കൂള്‍ ക്ലാസുകളിലേക്ക് സാമൂഹിക കൂട്ടായ്മയില്‍ ആവശ്യമായ ഫാനുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. സന്നദ്ധതയുള്ള സുമനസ്സുകള്‍ വിദ്യാലയവുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കുട്ടികള്‍ സുഖമായി ഇരുന്നു പഠിക്കട്ടെ.






Saturday, October 6, 2018

വനസംരക്ഷണ യജ്ഞം വാര്‍ത്തകള്‍

ഗാന്ധിജയന്തി ഹിന്ദി ക്വിസ്സ്


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മല്‍സരത്തില്‍ ആരതി ഷിബു (6 എ), അനഘ സി പി (6 എ) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പരിപാടി സംഘടിപ്പിച്ച കല്യാണി ടീച്ചറിനും വി‍ജയികളായ കുട്ടികള്‍ക്കും അനുമോദനങ്ങള്‍.