OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Friday, April 12, 2019

വായനക്കൂട്ടായ്മ പോസ്റ്റര്‍, നോട്ടീസ്


വായനയുടെ ലോകത്തേക്ക് കുട്ടികള്‍ക്കൊരു കൂട്ടായ്മ എന്ന സന്ദേശവമായി കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ വിവിധ ഗ്രന്ഥശാലകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടിയായ വായനക്കൂട്ടായ്മയ്ക്ക് നാളെ (13-04) ഔപചാരികമായി തുടക്കം കുറിക്കും. ഓരോ ഗ്രന്ഥശാലകളുടേയും സമീപമുള്ള കുട്ടികള്‍ കൂട്ടായി പുസ്തകങ്ങളിലൂടെ അറിവിന്റേയും അനുഭൂതിയുടേയും മായികലോകത്തേക്ക് കടക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് വായനക്കൂട്ടായ്മ. പുസ്തകങ്ങള്‍ വായിക്കുവാനും അതിനേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുവാനും വായനക്കുറിപ്പുകള്‍ തയ്യാറാക്കുവാനും പൊതു സമൂഹത്തിനു മുന്നില്‍ തങ്ങളുടെ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും അവതരിപ്പിക്കുവാനും ഈ പരിപാടി കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും വൈകുന്നേരം 3 മണി മുതല്‍ 5.30 വരെയാണ് വായനക്കൂട്ടത്തിന്റെ സമയം. കുട്ടികളെ വായനയില്‍ സഹായിക്കുവാനായി അധ്യാപകരും വായനശാലാ പ്രവര്‍ത്തകരും കൂടെ ഉണ്ടാകും. വായനക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിലും അവയെ മെച്ചപ്പെടുത്തുന്നതിലും വേണ്ട നിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കും. മെയ് 25ന് വായനക്കൂട്ടത്തിന്റെ സമാപനത്തിനു മുന്‍പായി ഒരു കുട്ടി 25 പുസ്തകങ്ങളെങ്കിലും വായിച്ച് പുസ്തകക്കുറിപ്പുകള്‍ ചേര്‍ത്ത് പതിപ്പു തയ്യാറാക്കണമെന്നാണ് പരിപാടിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്. സ്കൂള്‍ തുറക്കുമ്പോള്‍ തങ്ങള്‍ തയ്യാറാക്കിയ വായനപ്പതിപ്പുമായാവും അവര്‍ വിദ്യാലയത്തിലെത്തുക. ഒപ്പം അവര്‍ സ്വയമേവ നടത്തിയ രചനകള്‍ ഉള്‍പ്പെടുന്ന ഒരു പതിപ്പും തയ്യാറാകും. ഓരോ ദിവസവും കുട്ടികള്‍ തയ്യാറാക്കുന്നവയില്‍ മികച്ച വായനക്കുറിപ്പുകള്‍ക്ക് സമ്മാനമുണ്ടാകും.
കമ്പല്ലൂരില്‍ സി ആര്‍ സി ആന്റ് ഗ്രന്ഥാലയത്തിലെ ബാലവേദിയും ബഡൂരില്‍ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ ബാലവേദിയും കൊല്ലാട ഇ എം എസ് പഠനകേന്ദ്രം ആന്റ് ഗ്രന്ഥശാലയുമാണ് വിദ്യാലയത്തോടൊപ്പം പരിപാടിയില്‍ സഹസംഘാടകരാകുന്നത്. പ്രീ പ്രൈമറിയിലേയും ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കുമായി കഥകള്‍ പറഞ്ഞുകൊടുക്കാനും പാട്ടുകള്‍ ചൊല്ലിക്കൊടുക്കാനുമായി മുത്തശ്ശിക്കൂട്ടവും വായനക്കൂട്ടായ്മയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 13ന് കൊല്ലാടയില്‍ സി കെ രാധാകൃഷ്ണന്‍ മാസ്റ്ററും കമ്പല്ലൂരില്‍ സന്തോഷ്‍കുമാര്‍ ചെറുപുഴയും ബഡൂരില്‍ ജിതേഷ് കമ്പല്ലൂരും പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഏപ്രില്‍ 27, മെയ് 11 തീയ്യതികളില്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പങ്കാളികളായി ജനകീയ വായനക്കൂട്ടം നടക്കും. ഗ്രന്ഥശാലകളില്‍ സംഘാടകസമിതികള്‍ രൂപീകരിച്ച് വായനക്കൂട്ടത്തെ ഒരു സാംസാകാരികോല്‍സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.







Thursday, April 11, 2019

ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ പരിശീലനക്യാമ്പിനു തുടക്കമായി. സ്കൂള്‍ മൈതാനത്തു ന‌ടന്ന ‌ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ കെ ഡി മാത്യു പരിശീലനം ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ വി വി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. പരി‍ശീലകന്‍ ടി വി ഗിരീഷ് സംസാരിച്ചു. കെ പി ബൈജു സ്വാഗതം പറഞ്ഞു. നാളെ (12-04) മുതല്‍ രാവിലെ 6.30 മുതല്‍ 8.30 വരെയായിരിക്കും പരിശീലനസമയം. പരിശീലനപരിപാടിക്ക് പേരു രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളും കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ് എന്ന് കോഡിനേറ്റര്‍ അറിയിക്കുന്നു.








Wednesday, April 10, 2019

നീന്തല്‍ പരിശീലനം 7-4-2019


നീന്തല്‍ പരിശീലനം തുടരുന്നു. ഇ എം എസ് പഠനകേന്ദ്രം ആന്റ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കൊല്ലാടയിലും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ തുരുന്തി കടവിലും നടക്കുന്ന പരിശീലനങ്ങള്‍ ഏകോപിപ്പിക്കുന്നത് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളാണ്. ഏപ്രില്‍ 7ന് രണ്ടു കേന്ദ്രങ്ങളിലായി അന്‍പതോളം കുട്ടികള്‍ പരിശീലനം നേടി. ഏപ്രില്‍ 14ന് ഞായറാഴ്ച പരിശീലനം ഉണ്ടായിരിക്കുന്നതല്ല.








വായനക്കൂട്ടായ്മ വാര്‍ത്ത 1

ദേശാഭിമാനി 10-04-2019

Tuesday, April 9, 2019

ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 11ന് ബുധനാഴ്ച ആരംഭിക്കും. കോച്ചിംഗ് ക്യാമ്പിലേക്ക് പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ അന്നേദിവസം വൈകുന്നേരം 4 മണിക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്. സബ്‍ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി സ്കൂള്‍തല ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കുവാനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. സ്കൂള്‍തല ടീമില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം. കമ്പല്ലൂര്‍ സ്കൂളിലെ അഞ്ചാം ക്ലാസുമുതലുള്ള കുട്ടികളെയാണ് പരിശീലനത്തില്‍ പങ്കെടുപ്പിക്കുക. ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് Contact: 9605671582
9605868752

Monday, April 8, 2019

വായനക്കൂട്ടായ്മ


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രന്ഥാലയങ്ങളുടെ സഹകരണത്തോടെ ഈ അവധിക്കാലത്തു നടക്കുന്ന വായനക്കൂട്ടായ്മയ്ക്ക് ഏപ്രില്‍ 10ന് ബുധനാഴ്ച തുടക്കമാകുകയാണ്. വിദ്യാലയത്തിനു സമീപമുള്ള നാലു കേന്ദ്രങ്ങളിലായി എല്ലാ കുട്ടികളും കൂട്ടായി പുസ്തകങ്ങളുടെ വിശാലമായ ലോകത്തിലേക്കു കടക്കാനുള്ള പ്രവര്‍ത്തനമായാണ് വായനക്കൂട്ടായ്മ വിഭാവനം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ള കേന്ദ്രത്തില്‍ വൈകുന്നേരം 3 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഒരു നോട്ടുപുസ്തകവും പേനയും കയ്യില്‍ കരുതേണ്ടതാണ്.
സി ആര്‍ സി ആന്റ് ഗ്രന്ഥശാല, കമ്പല്ലൂര്‍
ഇ എം എസ് പഠനകേന്ദ്രം ആന്റ് ലൈബ്രറി, കൊല്ലാട
ഗ്രാമീണവായനശാല, ബഡൂര്‍
ഗവ. എല്‍ പി സ്കൂള്‍, മൗക്കോട്
എന്നിവയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങള്‍. കൊല്ലാട ഒഴികെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഏപ്രില്‍ 10ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് വായനക്കൂട്ടായ്മ ആരംഭിക്കും. കൊല്ലാടയില്‍ ഏപ്രില്‍ 11ന് വ്യാഴാഴ്ച വൈകിട്ട് 3 മണിക്കാണ് കുട്ടികള്‍ എത്തിച്ചേരേണ്ടത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ കൊല്ലാട ഒഴികെയുള്ള കേന്ദ്രങ്ങളില്‍ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും കൊല്ലാടയില്‍ എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലുമായിരിക്കും വായനക്കൂട്ടായ്മ നടക്കുക. കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രീ പ്രൈമറി മുതല്‍ 9ാം ക്ലാസുവരെ പഠിക്കുന്ന എല്ലാ കുട്ടികളും മേല്‍പറഞ്ഞ നാലുകേന്ദ്രങ്ങളിലൊന്നില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍ 12ന് ശനിയാഴ്ച വൈകിട്ട് 3.30ന് ഓരോ കേന്ദ്രങ്ങളിലും നടക്കുന്നതാണ്. അതിനുമുന്‍പായി ഓരോ കുട്ടിയും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 10, 11 തീയ്യതികളിലായി നടക്കുന്ന വായനക്കൂട്ടായ്മയിലുണ്ടാകും.

Saturday, April 6, 2019

ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 11 ന് ആരംഭിക്കുകയാണ്. സ്കൂള്‍ തലത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മികച്ച ഫുട്ബോള്‍ ടീമുകളെ സജ്ജമാക്കുവാനാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. എഴുപത്തിയഞ്ചോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും. പ്രാദേശികമായി ലഭ്യമായ പരിശീലകരുടേയും ക്ഷണിക്കപ്പെട്ട വിദഗ്ദ്ധരുടേയും സഹായത്തോടെയാവും ക്യാമ്പു നടക്കുക. 15 ദിവസം പരിപാടി തുടരും. നിലവില്‍ നമ്മുടെ വിദ്യാലയത്തില്‍ ഒരു മുഴുവന്‍ സമയ കായികാധ്യാപകനില്ലാത്തത് ഇത്തരം കാര്യങ്ങള്‍ നടത്തുന്നതില്‍ വലിയ പരിമിതിയാണ്.
ക്യാമ്പിന്റെ നടത്തിപ്പിന് വലിയ ചെലവു വരുന്നുണ്ട്. പ്രധാനമായും നാല്‍പ്പതോളം പന്തുകള്‍ വേണം. എല്ലാ കുട്ടികള്‍ക്കും ബിബുകള്‍ വേണം. ഇതൊക്കെ കണ്ടെത്തേണ്ടത് ഭാരിച്ച ഒരു ഉത്തരവാദിത്തമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണങ്ങള്‍ തേടുന്നു. ക്യാമ്പിലേക്കാവശ്യമായ പന്തുകളും മറ്റും സംഭാവന നല്‍കാന്‍ സുമനസ്സുകളായ സുഹൃത്തുക്കള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സ്കൂളില്‍ മികച്ച ഒരു ഫുട്ബോള്‍ ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ എല്ലാവരും സഹായവുമായി മുന്നിട്ടിറങ്ങുമെന്നു പ്രതീക്ഷിക്കട്ടെ.
നിങ്ങള്‍ക്ക് നേരിട്ടു ചെയ്യാന്‍ പറ്റുന്നതോ മറ്റ് ഏജന്‍സികളേക്കൊണ്ട് ചെയ്യിക്കാന്‍ കഴിയുന്നതോ ആയ സഹായങ്ങള്‍ ഈ പോസ്റ്റിനോടുള്ള കമന്റായി പോസ്റ്റുചെയ്യുമല്ലോ. അല്ലാതെയുള്ള ലൈക്കുകളും ഷെയറുകളും കൊണ്ട് കാര്യമൊന്നുമില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും കായികപ്രേമികളുടേയും ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നു.

Wednesday, April 3, 2019

ടാലന്റ് ലാബ് അവധിക്കാല പരിശീലനം


ടാലന്റ് ലാബിന്റെ പ്രവര്‍ത്തനങ്ങലുടെ ഭാഗമായി കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധങ്ങളായ പ്രവര്‍ത്തിപരിചയ പരിചയമേഖലകളില്‍ പരിശീലനം നല്‍കി. വേസ്റ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്ന നിര്‍മ്മാണം, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, ഫയല്‍ മേക്കിംഗ്, ചന്ദനത്തിരി നിര്‍മ്മാണം, ചോക്ക് നിര്‍മ്മാണം, പാവ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കിയത്. പ്രിന്‍സി റോഷന്‍, റോഷിയ മരിയ റോഷന്‍, ദീതുല്‍ ദിനേശ്, ജോളി, ആര്യ പി അനില്‍, ചിത്ര, ലതാഭായി കെ ആര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തുടര്‍ച്ചയായ പരിശീലനങ്ങളിലൂടെ അവധിക്കാലത്തുതന്നെ കുട്ടികളെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മികവുള്ളവരാക്കി മാറ്റാനാണ് ടാലന്റ് ലാബിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ക്ക്‌ഷോപ്പ് മെയ് മാസത്തില്‍ നടക്കും.












Tuesday, April 2, 2019

അജ്‌മലിന് വീടു നിര്‍മ്മാണം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ 7 ബിയില്‍ പഠിക്കുന്ന മുഹമ്മദ് അജ്മലിന്റെ വീടുനിര്‍മ്മാണത്തിന് അധ്യാപകരും പി ടി എ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് സ്വരൂപിച്ച നാല്‍പ്പതിനായിരം രൂപ വീടു നിര്‍മ്മാണകമ്മറ്റിക്ക് കൈമാറി. പ്രിന്‍സിപ്പാള്‍ ശ്രീ കെ ഡി മാത്യു, ഹെഡ്‌മാസ്റ്റര്‍ ശ്രീ വി വി ഭാര്‍ഗവന്‍ എന്നിവരില്‍ നിന്ന് നിര്‍മ്മാണകമ്മറ്റിക്കു വേണ്ടി വര്‍ഗീസ് മാസ്റ്റര്‍ തുക ഏറ്റുവാങ്ങി.






നീന്തല്‍ പരിശീലനം തുടരുന്നു


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി നടക്കുന്ന നീന്തല്‍ പരിശീലനം തുടരുന്നു. കൊല്ലാട പാലത്തിനു സമീപം ഇ എം എസ് പഠനകേന്ദ്രം ആന്റ് ഗ്രന്ഥശാലയുമായി ചേര്‍ന്ന് നടത്തുന്ന ആണ്‍കുട്ടികളുടെ പരിശീലനവും ചെമ്മരംകയം തുരുന്തി കടവില്‍ കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ചു നടത്തുന്ന പെണ്‍കുട്ടികളുടെ നീന്തല്‍പരിശീലനവും വിജയകരമായി നടന്നുവരികയാണ്. ഇന്നത്തെ കാലത്ത് നീന്തല്‍ പരിശീലനം നേടേണ്ടത് വളരെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. പുഴകളിലും ജലാശയങ്ങളിലും വീണ് കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നീന്തലിലുള്ള പ്രാഥമികമായ പരിജ്ഞാനം സഹായകമാകും. ഉപരിപഠനത്തിനും മറ്റുമായി പല ദേശങ്ങളിലേക്ക് കുട്ടികള്‍ക്ക് പോകേണ്ടിവരുമ്പോഴും നീന്തലിലുള്ള അറിവ് ഉപകാരപ്രദമാകും. +1 പ്രവേശനത്തില്‍ നീന്തല്‍ അറിയുന്ന കുട്ടികള്‍ക്ക് ബോണസ് പോയിന്റ് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സാമൂഹികമായ പിന്തുണയോടെ ഈ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലനങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം. പരിശീലനം പുഴയില്‍ വച്ചായതിനാല്‍ അപകടസാധ്യത പരിഗണിച്ചുകൊണ്ട് കുട്ടികളോടൊപ്പം രക്ഷിതാക്കളും നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. അല്ലെങ്കില്‍ സമീപപ്രദേശങ്ങളിലെ ഏതാനും കുട്ടികളെ ഒരാളുടെ ഉത്തരവാദിത്തത്തില്‍ വേണം അയയ്ക്കാന്‍. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണി മുതല്‍ 5.30 വരെയാണ് പരിശീലനം നല്‍കുന്നത്. പരിശീലനസമയത്തിനു വളരെ മുന്‍പായി കടവിലെത്തി സ്വയം പരിശീലനത്തിലേര്‍പ്പെടാന്‍ കുട്ടികളെ അനുവദിക്കരുത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന പരിശീലനത്തില്‍ കൊല്ലാടയില്‍ നാല്‍പ്പതിലേറെ ആണ്‍കുട്ടികള്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ പരിശീലനത്തില്‍ പങ്കാളിത്തം താരതമ്യേന കുറവാണ്. ഗീത, പത്മിനി, ശ്രീജ ടീച്ചര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നീന്തലറിയാത്ത പെണ്‍കുട്ടികളെ ഏപ്രില്‍ 7ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.