OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Monday, May 27, 2019

മഴക്കാലപൂര്‍വ്വ ശുചീകരണം


മഴക്കാലം വരവായി. മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും നമ്മുടെ നാട്ടിലൂടെ ഒഴുകുന്ന ചാലുകളുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നടന്നതായി കാണുന്നില്ല. പ്ലാസ്റ്റിക് കുപ്പികളും കൂടുകളും മറ്റ് അവശി‍ഷ്ടങ്ങളും പലതിലും ധാരാളമുണ്ട്. ചാലുകളില്‍ നീരൊഴുക്കു തുടങ്ങുന്നതിനുമുന്‍പ് നീക്കം ചെയ്തില്ലെങ്കില്‍ അവ പുഴയിലും കടലിലുമെത്തി വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാരണമാകും. ആയതിനാല്‍ അവ നീക്കം ചെയ്യേണ്ടത് അടിയന്തിരപ്രാധാന്യമുള്ള പ്രവര്‍ത്തനമാണ്.
അതുകൊണ്ട് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ കമ്പല്ലൂരിലെ ചാലുകളും ജലാശയങ്ങളും പൊതു ഇടങ്ങളും ശുചിയാക്കുവാനുള്ള ഒരു ക്യാമ്പെയിന്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയാണ്. എന്‍ എസ് എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെ ആര്‍ സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നടത്തിപ്പിന് പ്രദേശത്തെ എല്ലാ സംഘടനകളുടേയും ക്ലബ്ബുകളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും സ്വയംസഹായക സംഘങ്ങളുടേയും മറ്റു കൂട്ടായ്മകളുടേയും വ്യക്തികളുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ജൂണ്‍ 2ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെയുള്ള സമയംകൊണ്ട് വിവിധ സ്ക്വാഡുകളായി ചാലുകളിലെ നിശ്ചിത പ്രദേശങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ആലോചിക്കുന്നത്. ഓരോ പ്രദേശങ്ങളിലും പ്രാദേശികതലത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള ആലോചനായോഗങ്ങള്‍ നടന്നുവരുന്നുണ്ട്. കൂടാതെ സന്നദ്ധരായി വരുന്ന ആള്‍ക്കാരെ കൂടി ഉള്‍പ്പെടുത്തി വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് വിവിധ സ്ഥലങ്ങള്‍ ശുചീകരണത്തിനായി നല്‍കുകയാണ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കൂടുകളും സ്കൂളിലെത്തിച്ച് കഴുകി വൃത്തിയാക്കി റീസൈക്ലിംഗിനു നല്‍കാനും മറ്റുള്ളവ കുഴിച്ചുമൂടി നശിപ്പിക്കാനുമാണ് ആലോചിച്ചിട്ടുള്ളത്. കഴുകി വൃത്തിയാക്കുക അത്ര എളുപ്പമുള്ള പണിയല്ല. ഇതില്‍ ശേഖരിച്ചവരെ സഹായിക്കുവാന്‍ കടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കും.
നമ്മള്‍ ഒത്തുശ്രമിച്ചാല്‍ നാടിനെ ശുചിത്വപൂര്‍ണ്ണമാക്കുന്ന അതിബൃഹത്തായ ഒരു ക്യാമ്പെയിനായി ഇതിനെ മാറ്റാനാകും. അതൊരു പുതിയ ശുചിത്വസംസ്കാരത്തിന് വഴിവയ്ക്കും. കമ്പല്ലൂരിലേയും പരിസരപ്രദേശങ്ങളിലേയും എല്ലാവരുടേയും പിന്‍തുണയും സഹകരണവും പങ്കാളിത്തവും ഈ ക്യാമ്പെയിന്റെ വിജയത്തിനായി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ ക്യാമ്പെയിനില്‍ പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 9605671582 എന്ന വാട്സ് ആപ്പ് നമ്പറില്‍ മെസേജ് അയച്ചോ എന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തോ പങ്കാളികളാകാവുന്നതാണ്. അവര്‍ എത്തേണ്ട സ്ഥലം ഫോണ്‍ വഴി അറിയിക്കുന്നതാണ്.
ഒരു വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമത്തിന്റെ മുഖമായി മാറും.
ശുചിത്വഗ്രാമം സുന്ദരഗ്രാമം.

Wednesday, May 8, 2019

ഹയര്‍ സെക്കന്ററി റിസള്‍ട്ട് 2019


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ചരിത്രവിജയം.

വിജയശതമാനം
സയന്‍സ് ബാച്ച് 94
ഹ്യുമാനിറ്റീസ് ബാച്ച് 81
ഓവറോള്‍ 90
എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍
സയന്‍സ് 7
യദുകൃഷ്ണ
ഏയ്ഞ്ചല്‍ മാത്യു
ആല്‍ബി ആന്റണി
അനില എലിസബത്ത് ടോമി
ദില്‍ഷ കെ എം
മെറീന എം എ
സാന്ദ്ര ജോസഫ്

ഏയ്ഞ്ചല്‍ മാത്യു

ആല്‍ബി ആന്റണി

അനില എലിസബത്ത് ടോമി

ദില്‍ഷ കെ എം

മെറീന എം എ

സാന്ദ്ര ജോസഫ്

യദുകൃഷ്ണ
 
ഹ്യുമാനിറ്റീസ് 2
ആര്‍ദ്ര സൂസന്‍ സിബി
അലീന ജോസഫ്

അലീന ജോസഫ്

ആര്‍ദ്ര സൂസന്‍ സിബി
 
5 വിഷയങ്ങള്‍ക്ക് എ+ നേടിയവര്‍
സയന്‍സ് 7
മെല്‍ബില്‍ ബിജു
സെബാസ്റ്റ്യന്‍ കെ എസ്
ആകാശ് കെ
പ്രവീണ പ്രകാശ്
അനുരാജ് എ
ശ്രീലക്ഷ്മി
ജുബൈറ വി എ

ജുബൈറ വി എ

മെല്‍ബില്‍ ബിജു

പ്രവീണ പ്രകാശ്

ശ്രീലക്ഷ്മി

ആകാശ് കെ

അനുരാഗ് എ

സെബാസ്റ്റ്യന്‍ കെ എസ്
 
ഹ്യുമാനിറ്റീസ് 2
ഹനീസ എം ടി പി
സ്നേഹ ബെന്നി

ഹനീസ എം ടി പി

സ്നേഹ ബെന്നി
 

വിജയികള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.

Monday, May 6, 2019

ഇമാജിനേറിയം 5ാം ദിവസം


ഇന്ന് (06-05-2019) ഇമാജിനേറിയം വ്യക്തിത്വവികസനക്കളരിയുടെ അഞ്ചാം ദിവസമാണ്. ആയന്നൂര്‍ യുവശക്തി പബ്ലിക് ലൈബ്രറിയാണ് ഇന്നത്തെ ആതിഥേയര്‍. ആയന്നൂര്‍ ആകാശ് ഓഡിറ്റോറിയത്തില്‍വച്ചാണ് ക്യാമ്പ് നടന്നത്. രാവിലെ 9.15ന് സ്കൂള്‍ ബസില്‍ ക്യാമ്പ് അംഗങ്ങളായ 90 കുട്ടികളും സ്കൂള്‍ ബസില്‍ ആയന്നൂരിലേക്ക് യാത്രയായി. ബസിന്റെ സാരഥി വിജയേട്ടനായിരുന്നു. ചെറിയദുരമാണെങ്കിലും ഒരു വിനോദയാത്രപോലെ പാട്ടുപാടി ആഹ്ലാദത്തോടെ ഒരു യാത്ര.
ആയന്നൂരിലെത്തിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ യുവശക്തി പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റ് പി വി പുരുഷോത്തമനും സെക്രട്ടറി അഭിലാഷും മുന്‍ സെക്രട്ടറി വിനോദ് പി ഡിയും ഉണ്ടായിരുന്നു. നല്ല സ്ഥലസൗകര്യമുള്ള ഹാളില്‍ ഉദയന്റേയും സുനില്‍ പാടിക്കാനത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വീണ്ടും പ്രവര്‍ത്തനങ്ങള്‍. അതിനിടയില്‍ ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളെക്കുറിച്ച് അതിന്റെ ഉടമ ജെയിംസ് വിശദീകരിച്ചുതന്നു.
വൈകിട്ട് 4.15ന് ഇന്നത്തെ അതിഥിയായി ശ്രീസണ്ണി ഇളംതുരുത്തിയില്‍ എത്തി. കര്‍?കശ്രീ പുരസ്കാരജേതാവായ അദ്ദേഹം കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ചും അതിലെ വൈവിധ്യവല്‍ക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കൃഷി ലാഭകരമായ ഒന്നാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവുമില്ല. കുട്ടികളുടെ ചോദ്യങ്ങള്‍ നിരവധിയായിരുന്നു. അതിനെല്ലാം അദ്ദേഹം മറുപടി നല്‍കി. ച‌ടങ്ങില്‍ ശ്രീ പി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പി പത്മനാഭന്‍ സ്വാഗതവും ശ്രുതി നന്ദിയും പറഞ്ഞു. അദ്ദേഹത്തിനുള്ള ഉപഹാരം ശ്രീമതി ഊര്‍മ്മിള സി എം സമ്മാനിച്ചു.
വൈകിട്ട് 6.15ന് സ്കൂള്‍ യുവശക്തി വായനശാലയുടെ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ബസില്‍ തിരികെ നമ്മുടെ സ്വന്തം വിദ്യാലയത്തിലേക്ക് മടങ്ങി. ഇന്ന് വന്ന എസ് എസ് എല്‍ സി റിസള്‍ട്ടില്‍ 100% ലഭിച്ചതിന്റെ സന്തോഷമായി ഹെഡ്‍മാസ്റ്റര്‍ ശ്രീ വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍ ലഡു വിതരണം ചെയ്തു. പിന്നേയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. 8.15 ഓടെ രക്ഷിതാക്കള്‍ എത്തിത്തുടങ്ങി. 8.30ന് എള്ളുണ്ടപ്പാട്ടുപാടി ക്യാമ്പ് സമാപിച്ചു.










SSLC Result 2019


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് തുടര്‍ച്ചയായ 9ാം തവണയും നൂറു ശതമാനം വിജയം.
3 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+
എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചവര്‍
അര്‍ച്ചന എം എസ്
സാരംഗി പി കെ
ഷെറീന എം എ
2 കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+
ഏഞ്ചല്‍ മേരി
അനൂപ് റോയി
വിജയിച്ച എല്ലാ കുട്ടികള്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാലയത്തിന്റെ പ്രാദേശികസമിതി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

അര്‍ച്ചന എം എസ്

സാരംഗി പി കെ

ഷെറീന എം എ
ഏയ്ഞ്ചല്‍ മേരി

അനൂപ് റോയി

Thursday, May 2, 2019

ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപനം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ പി മാത്യു ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ ഗിരീഷ് ടി വി നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 17 ദിവസമാണ് കോച്ചിംഗ് നടന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ഉണ്ടാകും. വിദ്യാലയത്തിന് മികച്ച ഒരു ഫുട്ബോള്‍ ടീം ഉണ്ടാക്കുവാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പ് അംഗങ്ങളുടെ അടുത്ത കൂടിച്ചേരല്‍ മെയ് 17ന് വെള്ളിയാഴ്ച ഉണ്ടാകും. സമാപന പരിപാടിയില്‍ കെ പി ബൈജു സ്വാഗതം പറഞ്ഞു. സത്യന്‍ എം വി, അഭിനവ് ആസാദ് അനില്‍ എന്നിവര്‍ സംസാരിച്ചു. ജെറിന്‍ നന്ദി പറഞ്ഞു.







Imaginarium2019 Inaguration


കുട്ടികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിക്കുന്ന ഇമാജിനേറിയം 2019 ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസി ടോം ഉദ്ഘാടനം ചെയ്തു. കെ പി മാത്യു അധ്യക്ഷത വഹിച്ചു. കെ എസ് ശ്രീനിവാസന്‍, കെ ഡി മാത്യു, വി വി ഭാര്‍ഗവന്‍ എന്നിവര്‍ സംസാരിച്ചു. പി പത്മനാഭന്‍ സ്വാഗതവും ഊര്‍മ്മിള സി എം നന്ദിയും പറഞ്ഞു.
മെയ് 8 വരെ ഒരാഴ്ചക്കാലമാണ് ക്യാമ്പ് നടക്കുന്നത്. നാടകപഠനത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള ശ്രമമാണ് പരിപാടിയിലൂടെ നടക്കുന്നത്. കുട്ടികളുടെ ഓര്‍മ്മയും ശ്രദ്ധയും മനോഭാവവും മാറ്റി മികച്ച വ്യക്തികളാക്കി അവരെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് ക്യാമ്പിലെ പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രമുഖ നാടകപ്രവര്‍ത്തകനും നാടന്‍പാട്ടുകലാകാരനുമായ ഉദയന്‍ കുണ്ടംകുഴിയാണ് ക്യാമ്പ് ഡയറക്ടര്‍.