OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Tuesday, April 2, 2019

നീന്തല്‍ പരിശീലനം തുടരുന്നു


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി നടക്കുന്ന നീന്തല്‍ പരിശീലനം തുടരുന്നു. കൊല്ലാട പാലത്തിനു സമീപം ഇ എം എസ് പഠനകേന്ദ്രം ആന്റ് ഗ്രന്ഥശാലയുമായി ചേര്‍ന്ന് നടത്തുന്ന ആണ്‍കുട്ടികളുടെ പരിശീലനവും ചെമ്മരംകയം തുരുന്തി കടവില്‍ കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ചു നടത്തുന്ന പെണ്‍കുട്ടികളുടെ നീന്തല്‍പരിശീലനവും വിജയകരമായി നടന്നുവരികയാണ്. ഇന്നത്തെ കാലത്ത് നീന്തല്‍ പരിശീലനം നേടേണ്ടത് വളരെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. പുഴകളിലും ജലാശയങ്ങളിലും വീണ് കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നീന്തലിലുള്ള പ്രാഥമികമായ പരിജ്ഞാനം സഹായകമാകും. ഉപരിപഠനത്തിനും മറ്റുമായി പല ദേശങ്ങളിലേക്ക് കുട്ടികള്‍ക്ക് പോകേണ്ടിവരുമ്പോഴും നീന്തലിലുള്ള അറിവ് ഉപകാരപ്രദമാകും. +1 പ്രവേശനത്തില്‍ നീന്തല്‍ അറിയുന്ന കുട്ടികള്‍ക്ക് ബോണസ് പോയിന്റ് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സാമൂഹികമായ പിന്തുണയോടെ ഈ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലനങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം. പരിശീലനം പുഴയില്‍ വച്ചായതിനാല്‍ അപകടസാധ്യത പരിഗണിച്ചുകൊണ്ട് കുട്ടികളോടൊപ്പം രക്ഷിതാക്കളും നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. അല്ലെങ്കില്‍ സമീപപ്രദേശങ്ങളിലെ ഏതാനും കുട്ടികളെ ഒരാളുടെ ഉത്തരവാദിത്തത്തില്‍ വേണം അയയ്ക്കാന്‍. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണി മുതല്‍ 5.30 വരെയാണ് പരിശീലനം നല്‍കുന്നത്. പരിശീലനസമയത്തിനു വളരെ മുന്‍പായി കടവിലെത്തി സ്വയം പരിശീലനത്തിലേര്‍പ്പെടാന്‍ കുട്ടികളെ അനുവദിക്കരുത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന പരിശീലനത്തില്‍ കൊല്ലാടയില്‍ നാല്‍പ്പതിലേറെ ആണ്‍കുട്ടികള്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ പരിശീലനത്തില്‍ പങ്കാളിത്തം താരതമ്യേന കുറവാണ്. ഗീത, പത്മിനി, ശ്രീജ ടീച്ചര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നീന്തലറിയാത്ത പെണ്‍കുട്ടികളെ ഏപ്രില്‍ 7ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.







Sunday, March 31, 2019

ജോസഫ് മാസ്റ്റര്‍ക്ക് സ്റ്റാഫിന്റെ യാത്രയയപ്പ്


പത്തൊമ്പതു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് വിരമിച്ച ശ്രീ പി ജെ ജോസഫ് മാസ്റ്റര്‍ക്ക് സ്റ്റാഫംഗങ്ങള്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. വിദ്യാലയത്തില്‍ ഒരുക്കിയ സ്നേഹവിരുന്നിനുശേഷം നടന്ന യാത്രയയപ്പു യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ കെ ഡി മാത്യു അധ്യക്ഷത വഹിച്ചു. ഹെ‍ഡ്‌മാസ്റ്റര്‍ ശ്രീ വി വി ഭാര്‍ഗവന്‍ സംസാരിച്ചു. സഹപ്രവര്‍ത്തകരായ അധ്യാപകര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫിന്റെ ഉപഹാരം പ്രിന്‍സിപ്പലും ഹെഡ്‌മാസ്റ്ററും ചേര്‍ന്ന് സമ്മാനിച്ചു. കമ്പല്ലൂര്‍ സ്കുളിലെ സ്റ്റാഫിന്റേയും പി ടി എ കമ്മറ്റിയുടേയും സഹായത്തോടെ നടക്കുന്ന അജ്മലിന്റെ വീടുനിര്‍മ്മാണത്തിന് തനിക്ക് ലഭിച്ച ഉപഹാരം ജോസഫ് മാസ്റ്റര്‍ സംഭാവന ചെയ്തു. ചടങ്ങില്‍ കെ പി ബൈജു സ്വാഗതവും വി വി റഷീദ നന്ദിയും പറഞ്ഞു. യാത്രയയപ്പിനു ശേഷം അദ്ദേഹത്തെ സ്റ്റാഫ് അംഗങ്ങള്‍ വീട്ടിലെത്തിച്ച് യാത്രപറഞ്ഞു.








Friday, March 29, 2019

സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ വിദ്യാലയ വികസനനിധിയുടെ ധനശേഘരണാര്‍ത്ഥം സംഘടിപ്പിച്ച സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് നടന്നു. പ്രസിദ്ധ ബാലതാരം ബേബി നിരഞ്ജന നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. സമ്മാനകൂപ്പണിന് ആവശ്യമായ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത സ്ഥാപനങ്ങളേയും വ്യക്തികളേയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. അവരോടുള്ള നിസ്സീമമായ കടപ്പാട് അറിയിക്കുന്നു. പ്രത്യേകിച്ച് കമ്പല്ലൂരിലെ എന്‍ പി എം ടിമ്പേഴ്സ് ഉടമ ശ്രീ ടി എ ഷാനവാസ് ചെയ്തുതന്ന സഹായങ്ങള്‍ക്ക് എക്കാലവും കടപ്പെട്ടിരിക്കുന്നു.
കൂടാതെ ചെറുപുഴയിലെ സി ജെ ബില്‍ഡ്‌വെയര്‍, ചെറുപുഴയിലെ ഹൈ വുഡ് ഫര്‍ണിച്ചര്‍, ചെറുപുഴയിലെ ടോയ്‌വേള്‍ഡ്, ചെറുപുഴയിലെ ഡിസൈന്‍ഹൗസ്, ചെറുപുഴയിലെ ചമയം ടെക്‌സ്റ്റൈല്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കും സമാശ്വാസ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത പേസ് നെറ്റ് കേബിള്‍ ടി വി പാലാവയല്‍, കമ്പല്ലൂരമ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പല്ലൂര്‍, മീഡിയ കമ്മ്യൂണിക്കേഷന്‍സ് കേബിള്‍ ടി വി നെറ്റ്‌വര്‍ക്ക് കടുമേനി, അമേയ എഞ്ചിനീയറിംഗ് വര്‍ക്ക്സ് കൊല്ലാട, സച്ചൂസ് ലേഡീസ് ടൈലറിംഗ് ചെറുപുഴ, പ്രിന്റ് പോയിന്റ് ചെറുപുഴ എന്നിവര്‍ക്കും സമ്മാനകൂപ്പണ്‍ പ്രിന്റുചെയ്തു തന്ന ചെറുപുഴയിലെ ലോക്ക് ഇന്‍ ബില്‍ഡ്‌മാര്‍ട്ട്, എന്‍ പി കെ ടിമ്പേഴ്സ് കമ്പല്ലൂര്‍ എന്നീ സ്ഥാപനങ്ങളോടും പ്രചരണത്തിനാവശ്യമായ നോട്ടീസുകള്‍ സ്പോണ്‍സര്‍ ചെയ്ത മാതാ കണ്‍സ്ട്രക്ഷന്‍സ് ചെറുപുഴ, എ ബി സി മൈ ഹോം ചെറുപുഴ എന്നീ സ്ഥാപനങ്ങളോടും ഉള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
കൂടാതെ കൂപ്പണുകള്‍ സ്വീകരിച്ച് ധനസമാഹരണത്തെ സഹായിച്ച നല്ലവരായ നാട്ടുകാര്‍, രക്ഷിതാക്കള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മറ്റ് അഭ്യുദയകാക്ഷികള്‍ക്കും കൂപ്പണ്‍ പ്രചരണത്തിന് സഹായിച്ച രക്ഷിതാക്കള്‍, പി ടി എ-മദര്‍ പി ടി എ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ജീവനക്കാര്‍, പ്രാദേശിക സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം വിജയികള്‍ക്ക് അനുമോദനങ്ങള്‍ നേരുകയും ചെയ്യുന്നു. സമ്മാനങ്ങള്‍ ലഭിച്ചവര്‍ കൂപ്പണുമായി നാളെ (30-03) സ്കൂളിലെത്തി ഏറ്റുവാങ്ങേണ്ടതാണ്.












Thursday, March 28, 2019

പ്രാദേശികസമിതികളുടെ യോഗം കാട്ടിപ്പൊയില്‍


അവധിക്കാല പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള ആലോചനയ്ക്കായി കമ്പല്ലൂര്‍, കാട്ടിപ്പൊയില്‍ പ്രദേശങ്ങളിലെ പ്രാദേശികസമിതികളുടെ യോഗം കാട്ടിപ്പൊയില്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. കെ ആര്‍ ലതാഭായി, കെ പി ബൈജു എന്നിവര്‍ സംസാരിച്ചു. കെ വി രവി സ്വാഗതവും കെ പി രമേശന്‍ നന്ദിയും പറഞ്ഞു. അവധിക്കാല പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.








Sunday, March 24, 2019

രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് കമ്പല്ലൂര്‍ പൗരാവലിയുടെ യാത്രയയപ്പ്


ദീര്‍ഘകാലം കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായി സേവനമനുഷ്ടിച്ച് മാത്തില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായി സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് കമ്പല്ലൂര്‍ പൗരാവലി യാത്രയയപ്പു നല്‍കി. കെ രാഘവന്‍ നമ്പ്യാര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പൗരാവലിയുടെ ഉപഹാരമായി പുസ്തകങ്ങള്‍ പി കെ മോഹനന്‍ സമ്മാനിച്ചു. ‍ഡി വൈ എഫ് ഐ കമ്പല്ലൂര്‍ യൂണിറ്റിന്റെ ഉപഹാരം എന്‍ വി ശിവദാസന്‍ സമ്മാനിച്ചു. കെ ഡി മാത്യു, എം എം സുലോചന, കെ പി രമേശന്‍, ബെന്നി ഇലവുങ്കല്‍, പി ടി ജോസഫ്, ബെന്നി കണയംപ്ലാക്കല്‍, ഷിഖിന്‍ ടി വി, കെ വി രവി, ദാമോദരന്‍ കെ, ലതാഭായി കെ ആര്‍, പ്രവീണ്‍കുമാര്‍ പി ടി, കെ പി ബൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ പി മാത്യു അധ്യക്ഷത വഹിച്ചു. സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. അഗസ്റ്റ്യന്‍ ജോസഫ് സ്വാഗതവും അനില്‍കുമാര്‍ കെ സി നന്ദിയും പറഞ്ഞു.


















Saturday, March 23, 2019

യാത്രയയപ്പ് സി കെ ആര്‍


ദീര്‍ഘകാലം കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. കമ്പല്ലൂരിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നാളെ (24-03-2019) വൈകിട്ട് 4മണിക്ക് കമ്പല്ലൂര്‍ സി ആര്‍ സി ഗ്രന്ഥശാലയില്‍ വച്ച് കമ്പല്ലൂര്‍ അദ്ദേഹത്തിന് സ്നേഹാദരങ്ങളോടെ യാത്രയയപ്പു നല്‍കുന്നു. എല്ലാവരേയും പ്രസ്തുത ചടങ്ങിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

നീന്തല്‍ പരിശീലനം


കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റേയും കൊല്ലാട ഇ എം എസ് പഠനകേന്ദ്രം & ഗ്രന്ഥശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലാട കടവില്‍ സംഘടിപ്പിച്ച ആണ്‍കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ പി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം കെ പി മാത്യു അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് കെ എസ് ശ്രീനിവാസന്‍, കെ പി രമേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. കെ വി രവി സ്വാഗതവും കെ പി ബൈജു നന്ദിയും പറഞ്ഞു. രമേശന്‍, പ്രമോദ്, സത്യന്‍, മനീഷ്, വിശാഖ്, കെ വി രവി, കെ പി ബൈജു എന്നിവര്‍പരിശീലനത്തിന് നേതൃത്വം നല്‍കി. അവധിക്കാലത്ത് എല്ലാ ഞായറാഴ്ചയും പരിശീലനം തുടരും.