OUR MESSAGE

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് : അറിവ് അഗ്നിയാണ്‌. അറിവിന്റെ പൊള്ളല്‍ സുഖകരമായ അനുഭവമാണ്‌. അറിവിനുവേണ്ടിയുള്ള ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്‌ കമ്പല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമായി ഔപചാരികമായി 1954 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്‌ അതിനുമേറെ പഴക്കമുള്ള അക്ഷരസ്നേഹത്തിന്റെ ചരിത്രമുണ്ട്. 1939ൽ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച എഴുത്താശാന്‍ കളരിമുതല്‍ ഈ ചരിത്രം ആരംഭിക്കുന്നു. തുടര്‍ന്ന് ചില കാലയളവുകളില്‍ മുടങ്ങിയും വീണ്ടും തുടങ്ങിയും മുന്നോട്ടു നീങ്ങിയ കമ്പല്ലൂരിലെ കുടിപ്പള്ളിക്കൂടത്തിനുപിന്നില്‍ നിസ്വാര്‍ത്ഥരായ ഒരുകൂട്ടം ഗ്രാമീണമനുഷ്യരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെയും യാതനകളുടേയും നീണ്ടകഥകളുണ്ട്. ഔപചാരിക കാലഘട്ടത്തിനു മുന്‍പ് എഴുത്താശാന്മാരായി സേവനമനുഷ്ടിച്ച സര്‍വ്വശ്രീ മരാര്‍ കുഞ്ഞിരാമന്‍ , ആമന്തറ കൃഷ്ണന്‍ നായര്‍, പാലാട്ട് ശങ്കരന്‍അടിയോടി എന്നിവരുടെ സേവനങ്ങള്‍ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. ഒപ്പം ആദ്യകാലഘട്ടത്തിലെ വിദ്യാലയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച സര്‍വ്വശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായര്‍, മാവില കമ്മാരന്‍നായര്‍, കൈപ്രവന്‍ കൃഷ്ണന്‍ നായര്‍, നല്ലുര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, പാറപ്പുറത്ത് മമ്മു, പെരിന്തട്ട പറ്റിഞ്ഞാറേ വീട്ടില്‍ കണ്ണന്‍, വടക്കേ വീട്ടില്‍ അച്ചു, കൈപ്രവന്‍ കുഞ്ഞപ്പന്‍നായര്‍, തെങ്ങുംതറ കൃഷ്ണപൊതുവാള്‍, സി വി കുഞ്ഞമ്പു, സി പി കുഞ്ഞിക്കണ്ണന്‍ നായര്‍, സി പി നാരായണന്‍ നായര്‍, പയ്യാടക്കന്‍ കുഞ്ഞിരാമന്‍ നായര്‍, അലാമി കണ്ണന്‍, പി കെ കണ്ണന്‍, മുണ്ടയില്‍ അമ്പു, പന്നിക്കേന്‍ കുമാരന്‍, കുണ്ടിലേ വീട്ടില്‍ നാരായണന്‍, ആട്ടി ചെറിയമ്പു എന്നിവരെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം അനുസ്മരിക്കുന്നു. കൂടാതെ ആദ്യകാല അധ്യാപകരായിരുന്ന ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണൻ മാസ്റ്റര്‍, ശ്രീ വി കെ നാരായണന്‍ മാസ്റ്റര്‍ എന്നിവരേയും . സ്വന്തം കൈവശസ്ഥലം വിദ്യാലയാവശ്യത്തിനായി വിട്ടുതന്ന വിദ്യാലയ സ്ഥാപകന്‍ കൂടിയായ ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരേയും ദാനാധാരമായി പ്രസ്തുത സ്ഥലത്തിന്റെ രേഖ കൈമാറിത്തന്ന കമ്പല്ലൂർ കോട്ടയില്‍ ശ്രീമതി ശാന്തകുമാരിയമ്മയേയും ഈ അവസരത്തില്‍ കടപ്പാടോടും കൃതജ്ഞതയോടുകൂടി ഓര്‍ക്കുന്നു. 1957ല്‍ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സര്‍ക്കാര്‍, ഏകാധ്യാപക വിദ്യാലയത്തെ എല്‍ പി സ്കൂളായും 1964ല്‍ യു പി സ്കൂളായും ഉയര്‍ത്തി. 1980-81ല്‍ശ്രീ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ വിദ്യാലയം ദീര്‍ഘകാലത്തെ ജനകീയാവശ്യം പരിഗണിച്ച് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു. ഈ അവസരത്തില്‍ വിദ്യാലയ വികസനത്തിനായി പരിമിതമായ വിലയ്ക്ക് സ്ഥലം നല്കാന്‍ തയ്യാറായ സര്‍വ്വശ്രീ കൊച്ചു നാരായണന്‍ മാസ്റ്റര്‍, പത്മിനി ടീച്ചര്‍, നല്ലൂര്‍ കുഞ്ഞിരാമന്‍ നായര്‍, മുട്ടിയറ ചെല്ലപ്പന്‍ എന്നിവരേയും നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. 1990-91 ല്‍ കേരളത്തില്‍ ആദ്യമായി ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ കെ നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിലൂടെ കേരളത്തിലെ ആദ്യ ഹയര്‍ സെക്കന്ററി എന്ന വിശേഷണവും ഈ വിദ്യാലയത്തിന്‌ ഒരു പൊന്‍തൂവലായി. ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത അന്നത്തെ ഗ്രാമവികസന ബോർഡ് ചെയര്‍മാനും ഈ കെ നായനാരുടെ മണ്ഡലം പ്രതിനിധിയുമായ ശ്രീ സി കൃഷ്ണന്‍നായരുടെ സേവനവും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇന്ന് വിദ്യാലയത്തിന്‌ ഷഷ്ഠിപൂര്‍ത്തിയും ഹയര്‍സെക്കന്ററിക്ക് രജതരേഖയും തികയുമ്പോള്‍ അഭിമാനപൂര്‍വ്വം ഈ നാടിനെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ക്ക് പറയാനാകും. കഴിഞ്ഞുപോയ കാലയളവുകളില്‍ • നാടിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയോടെയാണ്‌ ഈ വിദ്യാലയം വളര്‍ച്ചയുടെ ഓരോ പടവുകളും കയറിയിട്ടുള്ളത്. • ഓരോ കാലഘട്ടങ്ങളിലും മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ്‌ പകര്‍ന്നു നല്കാനായിട്ടുള്ളത്. • കലാ കായിക മേഖലകളില്‍ ഓരോ കാലയളവുകളിലും മികച്ച പ്രതിഭകളെ സൃഷ്ടിക്കുവാന്‍ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്. അതിന്‌ ഉദാഹരണമാണ്‌ ഇപ്പോള്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എ വി രശ്മി, കെ വി നീതു, അനുശ്രീ ടി കെ എന്നിവര്‍. • എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തി വരുന്നുണ്ട്. എസ് എസ് എല്‍ സിയി ല്‍തുടര്‍ച്ചയായ നാലാം വര്‍ഷവും നൂറു ശതമാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. • എന്‍എസ്സ് എസ്സ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ് തുടങ്ങിയ സംഘടനകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുവാനും നാടിന്‌ ദിശാബോധം പകരുവാനും നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. • സംസ്ഥാനതലത്തില്‍ പ്രവര്‍ത്തന മികവിനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച ഭൂമിത്രസേനാ ക്ളബ്ബിനുള്ള പുരസ്കാരം, മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • ജില്ലാ തലത്തില്‍ വര്‍ഷങ്ങളായി മികച്ച ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ്, മികച്ച ശുചിത്വ വിദ്യാലയം മലയാള മനോരമയുടെ വഴിക്കണ്ണ്‌ പുരസ്കാരം, ജലശുദ്ധി പരിശോധനയ്ക്കുള്ള പുരസ്കാരം, നല്ലപാഠം പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍. • മലയാളത്തിന്റെ പ്രിയ കഥാകാരനായ ശ്രീ സി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിരൂപകനും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ശ്രീ പി പി കെ പൊതുവാള്‍, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ശ്രീ വി പി എസ് നമ്പൂതിരി, , മികച്ച എന്‍ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സ്പെഷ്യല്‍പുരസ്കാരം നേടിയ ശ്രീ സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി അവാര്‍ഡുകളിലൂടെയും അല്ലാതെയും പ്രവര്‍ത്തന മികവുകളിലൂടെ ബഹുമാനിതരായ ഗുരുശ്രേഷ്ഠന്മാര്‍. • മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികളിലൂടെ വിദ്യാലയ പുരോഗതിക്കായി നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. • അധ്യാപനം ജീവിതവ്രതമാക്കിയ നിരവധി അധ്യാപകശ്രേഷ്ഠരുടെ കാല്പാടുകള്‍ പതിഞ്ഞ ഈ സരസ്വതീ ക്ഷേത്രം അവരുടെ അര്‍പ്പണ ബോധത്തിന്റെ ജീവനുള്ള സ്മാരകമാണ്‌. • അവര്‍ തെളിച്ച തിരിവെട്ടത്തെ ദീപശിഖകളായി നെഞ്ചേറ്റിയ അനവധിപേരുടെ ജീവിതവിജയത്തിന്റെ നിത്യസ്മാരകമാണ്‌ ഈ വിദ്യാലയം. ഇവിടെ അക്ഷരം കുറിച്ച് അതിര്‍ത്തികളില്‍ രാജ്യത്തെ കാത്തവരും കാക്കുന്നവരുമായ ജവാന്മാര്‍, കായിക മേഖലയിൽ രാജ്യത്തിനും കേരളത്തിനും വേണ്ടി കഴിവു തെളിയിച്ച പ്രതിഭകള്‍, പൊതുപ്രവര്‍ത്തന മികവിലൂടെ സമൂഹമനസ്സുകളില്‍ സ്ഥാനം നേടിയ നിരവധിപേര്‍, കലാപരമായി കഴിവുതെളിയിച്ചവര്‍, വിവിധ തൊഴില്‍ മേഖലകളില്‍ രാജ്യസേവനം നടത്തുന്നവര്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകര്‍, അദ്ധ്വാനശീലരായ നിരവധിപേര്‍. അവര്‍ ചെയ്ത് സഹായങ്ങള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു, വിദ്യാലയ പുനര്‍നിര്‍മ്മാണത്തിന്‌ അവരുടെ നിര്‍ലോപമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പരാതികളുടേയും പരിവട്ടങ്ങളുടേയും ഒരു പരമ്പരതന്നെ പറയാന്‍ ബാക്കിയുണ്ട്. • ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ ക്ളാസ് മുറികള്‍ക്ക് സൗകര്യമുള്ള ലാബും ലൈബ്രറിയും മറ്റു സംവിധാനങ്ങളുമുള്ള ഒരു കെട്ടിട സമുച്ചയം നമ്മുടെ അനിവാര്യതയാണ്‌. പ്രത്യേകിച്ചും 1985ല്‍ ശ്രീ ഒ ഭരതന്‍ ഏം എല്‍ എ ആയിരിക്കേ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ ടി എം ജേക്കബ്ബ് ഉദ്ഘാടനം ചെയ്ത രണ്ടു നില കെട്ടിടം ഉപയോഗ്യ ശൂന്യമായിക്കൊണ്ടിരിക്കുമ്പോള്‍. • വിദ്യാലയത്തിന്‌ ആവശ്യമുള്ള മികച്ച ഇരിപ്പിട സൗകര്യങ്ങള്‍. • അസംബ്ളി ഹാള്‍. • സ്മാര്‍ട്ട് സൗകര്യങ്ങളോടു കൂടിയ ക്ളാസ് മുറികള്‍ • ഹയര്‍ സെക്കന്ററിക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ്. • റീഡിംഗ് റൂം ഉള്‍പ്പെടെയുള്ള ലൈബ്രറി കോംപ്ളക്സ്. • കുട്ടികള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര. • കിഡ്സ് പ്ളേ പാര്‍ക്ക്. • ടോയിലറ്റ് കോമ്പ്ളക്സ്. തുടങ്ങി ആവശ്യങ്ങള്‍ ഇനിയുമേറെയാണ്‌. ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും പൊതു സമൂഹത്തിന്റേയും പിന്തുണയോടെ ഭൗതിക സാഹ ചര്യത്തിലും അക്കാദമിക നിലവാരത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങളുടെ തുടക്കമാകട്ടെ ഈ ജൂബിലി വര്‍ഷമെന്നു ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. തയ്യാറാക്കിയത് ബൈജു കെ.പി , ബ്ലോഗിലേക്ക് ലിപി പരിഷ്കാരത്തോടെ പകര്‍ത്തിയത്- രാധാകൃഷ്ണന്‍ സി കെ

Thursday, April 19, 2018

മികവുത്സവം സ്ക്വാഡ്‌ വർക്ക്‌

ഞായറാഴ്ച (22/04/2018) കമ്പല്ലൂറിൽ വച്ചു നടക്കുന്ന മികവുത്സവത്തിന്റെ പ്രചരണത്തിനായി ഇന്ന് (19/04/2018) സ്ക്വാഡ്‌ വർക്ക്‌ നടന്നു. രാവിലെ നെടുംകല്ല്, അമ്പേച്ചാൽ ഭാഗങ്ങളിൽ കെ പി അച്യുതൻ, കെ പി ബൈജു എന്നിവരും ഉച്ചയ്ക്ക്‌ കമ്പല്ലൂർ മേലേഭാഗത്ത്‌ കെ പി ദാമോദരൻ, കെ പി ബൈജു എന്നിവരും വൈകിട്ട്‌ കമ്പല്ലൂർ അമ്പലം ഭാഗത്ത്‌ കെ പി പ്രകാശൻ, കെ സി അനിൽകുമാർ എന്നിവരും ചെറുകുറുപ്പ ഭാഗത്ത്‌ പി പുഷ്പാകരനും പങ്കെടുത്തു.

മികവുത്സവത്തിന്റെ ഒരുക്കം നാളെ (20/04/2018) രാവിലെ 10 മണിക്ക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്‌ നടക്കും. ഊർമ്മിള സി എം. റഷീദ വി വി, കെ പി ബൈജു എന്നിവർ പങ്കെടുക്കും.

Wednesday, April 18, 2018

മികവുത്സവം മുന്നൊരുക്കം

കമ്പല്ലൂർ സി ആർ സി & ഗ്രന്ഥശാലയിൽ വച്ച്‌ 2018 ഏപ്രിൽ 22 ഞായറാഴ്ച നടക്കുന്ന മികവുത്സവത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കമ്പല്ലൂർ, കമ്പല്ലൂർ അമ്പലം, ചെറുകുറുപ്പ,നെടുംകല്ല്,അമ്പേച്ചാൽ എന്നീ പ്രദേശങ്ങളിലെ കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ  ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ 20/04/2018 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

മികവുത്സവം സ്ക്വാഡ്‌ വർക്ക്‌

ഇന്നത്തെ സ്ക്വാഡ്‌ വർക്ക്‌ മഴയിൽ ഒലിച്ചുപോയി. അതുകൊണ്ട്‌ പരിപാടിയിൽ ചില മാറ്റങ്ങൾ.

പ്ലാനിംഗിനു വേണ്ടിയുള്ള കുട്ടികളുടെ കൂടിച്ചേരൽ ഏപ്രിൽ 20ന്‌ വെള്ളിയാഴ്ച രാവിലെ 10 മണിക്ക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.


സ്ക്വാഡ്‌ വർക്ക്‌ 19/4/2018 വ്യാഴാഴ്ചരാവിലെ 10 മണി മുതൽ. കമ്പല്ലൂർ മെലേഭാഗം, അമ്പേച്ചാൽ ഭാഗം എന്നിവ  കെ പി അച്യുതൻ, കെ പി ബൈജു എന്നിവർ പങ്കെടുക്കും. കമ്പല്ലൂർ അമ്പലം ഭാഗം കെ സി അനിൽകുമാർ, കെ പി പ്രകാശൻ എന്നിവർ 19/4/18ന്‌ വൈകിട്ട്‌ പൂർത്തീകരിക്കും. ചെറുകുറുപ്പ ഭാഗം പുഷ്പാകരന്റെ നേതൃത്വത്തിൽ 19/4/18ന്‌ വൈകിട്ട്‌ പൂർത്തീകരിക്കും.

അസാപ്പ്‌ ക്ലാസ്സ്‌ ആരംഭിച്ചു

കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അസാപ്പ്‌ (Additional Skill Aqusition Programme)ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്‌. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും എത്തിച്ചേരണമെന്ന് അറിയിക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക്‌ 12 വരെയാണ്‌ ക്ലാസ്സുകൾ നടക്കുന്നത്.

Tuesday, April 17, 2018

മികവുത്സവം കമ്പല്ലൂരിൽ

കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ മികവുത്സവവും പ്രാദേശിക പാഠശാലയുടെ ഉദ്ഘാടനവും ഏപ്രിൽ 22ന്‌ ഞായറാഴ്ച ഉച്ചയ്ക്ക്‌ 2 മണിക്ക്‌ കമ്പല്ലൂർ സി ആർ സി ഗ്രന്ഥശാലയിൽ വച്ച്‌ കാസറഗോഡ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി ശാന്തമ്മ ഫിലിപ്പ്‌ നിർവ്വഹിക്കും.

പരിപാടിയുടെ സ്ക്വാഡ്‌ വർക്ക്‌ 17, 18 തീയതികളിൽ വൈകുന്നേരങ്ങളിൽ നടക്കും.

പ്ലാനിംഗിനായുള്ള കുട്ടികളുടെ കൂടിയിരിപ്പ്‌ ഏപ്രിൽ 19ന്‌ വൈകിട്ട്‌ 3 മണിക്ക്‌ സി ആർ സിയിൽ വച്ച്‌ നടക്കും.

ഏപ്രിൽ 22ന്‌ രാവിലെ 10 മണിമുതൽ കുട്ടികൾക്കായി കളിക്കൂട്ടം പ്രത്യേക അവധിക്കാല പരിപാടി നടക്കും. നാടൻപാട്ടു കലാകാരൻ പ്രകാശൻ കുതിരുമ്മൽ നേതൃത്വം നൽകും. കുട്ടികൾക്ക്‌ ഉച്ചഭക്ഷണം നൽകാനും സംഘാടക സമിതി തീരുമാനിച്ചു.

Monday, April 9, 2018

മികവുത്സവം കൊല്ലാടയിൽ

കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററിസ്കൂളിൽ അവധിക്കാലത്ത്‌ വിദ്യാലയമികവുകളുടെ പൊതു അവതരണമായി നടത്തുവാൻ തീരുമാനിച്ച നാലു മികവുത്സവങ്ങളിൽ ആദ്യത്തേത്‌ ഏപ്രിൽ 8ന്‌ ഞായറാഴ്ച ഉച്ചയ്ക്ക്‌ 3.30ന്‌ കൊല്ലാട ഹാപ്പി ബ്രദേഴ്സ്‌ ആർട്സ്‌ ആൻഡ്‌ സ്പോർട്സ്‌ ക്ലബ്ബ്‌ ഹാളിൽ വച്ച്‌ നടന്നു.ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീ ജെയിംസ്‌ പന്തമ്മാക്കൽ മികവുത്സവം ഉദ്ഘാടനം ചെയ്തു. പരിപാടിക്ക്‌ ആതിഥ്യമരുളിയ കൊല്ലാടയിലെ ഇ എം എസ്‌ പഠനകേന്ദ്രം ഗ്രന്ഥാലയത്തിന്റെ സെക്രട്ടറി ശ്രീ കെ വി രവി സ്വാഗതമാശംസിച്ചു. വാർഡ്‌ മെമ്പർ ശ്രീ കെ പി മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാലയമികവുകൾ ഹെഡ്മാസ്റ്റർ ശ്രീ കെ കെ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. അവധിക്കാലത്തു നടക്കുന്ന പ്രാദേശിക പാഠശാലകളെ കുറിച്ച്‌ സ്റ്റാഫ്‌ സെക്രട്ടറി കെ പി ബൈജു വിശദീകരിച്ചു. കൊല്ലാടയിൽ വച്ചു നടന്ന വിദ്യാലയത്തിന്റെ തനത്‌ മാതൃകാ പദ്ധതിയായ "മാതൃകാഗ്രാമം വായനയിലൂടെ"യുടെ പ്രോജക്ട്‌ റിപ്പോർട്ട്‌ പ്രിൻസിപ്പാൾ ശ്രീ കെ ഡി മാത്യു പ്രകാശനം ചെയ്തു.

പരപ്പ ബി ആർ സിയുടെ ബി പി ഒ ശ്രീ ബാബു കെ പി, പി ടി എ പ്രസിഡന്റ്‌ ശ്രീ കെ എസ്‌ ശ്രീനിവാസൻ, വെള്ളരിക്കുണ്ട്‌ താലൂക്ക്‌ ലൈബ്രറി കൗൺസിൽ അംഗം ശ്രീ ടി വി കൃഷ്ണൻ, ഹാപ്പി ബ്രദേഴ്സ്‌ ആർട്സ്‌ ആൻഡ്‌ സ്പോർട്സ്‌ ക്ലബ്ബ്‌ സെക്രട്ടറി ശ്രീ സി ജെ മാത്യു, എക്സ്‌ സർവ്വീസ്‌ മെൻ കമ്പല്ലൂർ യൂണിറ്റിനെ പ്രതിനിധീകരിച്ച്‌ ശ്രീ അഗസ്റ്റിൻ സ്രാകത്ത്‌,കൊല്ലാട ജുമാ മസ്ജിദ്‌ സെക്രട്ടറി ശ്രീ ഷമീം അമാനി,കൊല്ലാട പാലക്കുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ്‌ ശ്രീ കെ പി കുഞ്ഞിരാമൻ,കൊല്ലാട എസ്‌ എൻ ഡി പി ശാഖയോഗം സെക്രട്ടറി ശ്രീ കെ രഘുനാഥ്‌, മാതൃകാഗ്രാമം പദ്ധതിയുടെ സംഘാടകസമിതി പ്രസിഡന്റ്‌ ശ്രീ കെ ദാമോദരൻ എന്നിവർ സം സാരിച്ചു. ശ്രീമതി ലതാഭായി കെ ആർ നന്ദി പറഞ്ഞു.

കൊല്ലാടയിൽ നിന്ന് കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന മിക്കവാറും എല്ലാ കുട്ടികളും അവരുടെ പഠനമികവുകൾ അവതരിപ്പിച്ചു.നൂറിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു.

അടുത്ത മികവുൽസവം ഏപ്രിൽ 22 ഞായറാഴ്ച കമ്പല്ലൂർ സി ആർ സി ഗ്രന്ഥശാലയിൽ വച്ച്‌ നടക്കും.


































Friday, April 6, 2018

mikavulsavam

കൊല്ലാടയിൽ ഏപ്രിൽ 8ന്‌ വൈകിട്ട്‌ 3 മണിക്ക്‌ നടക്കുന്ന കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ മികവുത്സവം വിജയിപ്പിക്കുന്നതിനായി പ്രദേശത്തെ കുട്ടികളുടെ കൂടിച്ചേരൽ കൊല്ലാട ഹാപ്പി ബ്രദേഴ്സ്‌ ഹാളിൽ വച്ച്‌ നടന്നു. ലതാബായി ടീച്ചർ, എലിസബത്ത്‌ ടീച്ചർ, കെ വി രവി എന്നിവർ നേതൃത്വം നൽകി.


മികവുലസവത്തിന്റെ വിജയത്തിനായി രക്ഷിതാക്കളുടേയും നാട്ടുകാരുടേയും കൂടിച്ചേരൽ നടന്നു. പി പത്മനാഭൻ, പ്രവീൺകുമാർ പി ടി, കെ വി രവി, കെ ദാമോദരൻ, ശോഭനാ ബാബു, കെ പി ബൈജു എന്നിവർ നേതൃത്വം നൽകി.


അവധിക്കാലത്ത്‌ പ്രാദേശിക പാഠശാലകളൊരുക്കി കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ

അവധിക്കാലത്ത്‌ പൊതു സമൂഹത്തിന്റെ സഹകരണത്തോടെ പ്രാദേശിക പാഠശാലകളിൽ കുട്ടിക്കൂട്ടങ്ങളൊരുക്കുകയാണ്‌ കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ.
വിദ്യാലയത്തിന്റെ സമീപപ്രദേശങ്ങളിലായി നാലു കേന്ദ്രങ്ങളിൽ അവധിക്കാലത്ത്‌ ആറു ദിവസങ്ങളിൽ പാഠശാലകൾ പ്രവർത്തിക്കും. വായന, വായനക്കുറിപ്പു രചന, ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പൊതുവിജ്ഞാന ക്ലാസ്സുകൾ തുടങ്ങി വ്യത്യസ്ഥമായ പ്രവത്തന പരിപാടികളാണ്‌ പ്രാദേശിക പാഠശാലകളിലൂടെ ലക്ഷ്യമിടുന്നത്‌.ഓരോപ്രാദേശിക പാഠശാലയിലും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുവാനായി പ്രാദേശികമായി പരിശീലനങ്ങൾ സംഘടിപ്പിക്കും. ഇങ്ങനെ പരിശീലനം ലഭിക്കവരാകും പാഠശാലകൾക്ക്‌ നേതൃത്വം നൽകുക.വായനശാലകളുടേയും ക്ലബ്ബുകളുടേയും പിൻതുണയും സഹകരണവും പാഠശാലകളെ സജീവമാക്കും.
കൊല്ലാട, കമ്പല്ലൂർ, ബഡൂർ, മൗക്കോട്‌ എന്നിവിടങ്ങളിലാണ്‌ പാഠശാലകൾ നടക്കുക.
കൊല്ലാടയിൽ സംഘടിപ്പിക്കുന്ന പ്രാദേശിക പാഠശാലയുടെ ഉദ്ഘാടനവും വിദ്യാലയത്തിന്റെ മികവുത്സവവും ഏപ്രിൽ 8ന്‌ ഞായറാഴ്ച വൈകിട്ട്‌ 3 മണിക്ക്‌ കൊല്ലാട ഹാപ്പി ബ്രദേഴ്സ്‌ ഹാളിൽ വച്ച്‌ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജെയിംസ്‌ പന്തമ്മാക്കൽ നിർവ്വഹിക്കും.

Sunday, April 1, 2018

ഉഷ ടീച്ചറിന്‌ യാത്രയയപ്പ്‌

34 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ച ഉഷ ടീച്ചറിന്‌ മാർച്ച്‌ 31 ന്‌ യാത്രയയപ്പു നൽകി.